പാരീസ്: പാരീസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ ആവേശഭരിതരായപ്പോള്‍ പി ആര്‍ ശ്രീജേഷ് നിശബ്ദനായി മൈതാനത്തിന്റെ ഒരറ്റത്തേക്ക് നടന്ന് ഗോള്‍പോസ്റ്റിന് മുന്നില്‍ തലകുനിച്ചു. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്ന അത്. ഇന്ത്യന്‍ ഹോക്കിയില്‍ ഗോള്‍ വലയ്ക്കു മുമ്പില്‍ അയാള്‍ വലിയ മതിലായിരുന്നു.
ഒളിംപിക്‌സില്‍ വെങ്കലം നേടാനുള്ള മത്സരത്തില്‍ ഇന്ത്യയുമായി സമനില നേടാനുള്ള സ്‌പെയിനിന്റെ നീക്കങ്ങളെല്ലാം അവസാന നിമിഷങ്ങളില്‍ തടഞ്ഞിട്ടത് ശ്രീജേഷായിരുന്നു.
സ്‌പെയിന്‍കാര്‍ക്ക് ഒമ്പത് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല എന്നതു തന്നെ ശ്രീജേഷ് കാണിച്ച മികവ് തിരിച്ചറിയാനാവും.
ജര്‍മ്മനിയോട് സെമിയില്‍ തോറ്റപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്നാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കയ്യെത്തും ദൂരത്തു നിന്നാണ് സ്വര്‍ണ മെഡല്‍ നഷ്ടമായതെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ടതിനെകുറിച്ചല്ല നേടാനുള്ളതിനെ കുറിച്ചാണ് അവര്‍ ചിന്തിച്ചത്. വെങ്കല മെഡലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്‌പെയിനിനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം വീണ്ടും കരഞ്ഞു, സന്തോഷം കൊണ്ടാണെന്ന് മാത്രം.
വെങ്കലവുമായി ശ്രീജേഷ് വിടവാങ്ങല്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പതിറ്റാണ്ടോളം രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടുനടന്ന ആ മനുഷ്യന് ആദരവര്‍പ്പിച്ച് ഇന്ത്യക്കാര്‍ അദ്ദേഹത്തോടൊപ്പം കരഞ്ഞു, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാടാണ് ഇന്ത്യ. മറ്റ് കായിക ഇനങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് ക്രിക്കറ്റ് താരങ്ങളുടെ പണമോ പ്രശസ്തിയോ ലഭിക്കാറില്ല. ഒരു ഹോക്കി ഗോള്‍കീപ്പറെ സംബന്ധിച്ചിടത്തോളം അംഗീകരിക്കപ്പെടുകയെന്നതു പോലും വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്.
ഹോക്കിയിലെ ഗോള്‍ കീപ്പറെ അറിയുക പോലും ബുദ്ധിമുട്ടാണെന്നും അയാളില്‍ നിന്നും പിഴവു വരുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരാളുണ്ടായിരുന്നുവെന്ന് തിരിച്ചറിയുകയെന്നും ശ്രീജേഷ് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ചെറുപ്പത്തില്‍ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
പെട്ടെന്നുള്ള റിഫ്‌ളെക്‌സുകളും നാനോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു പന്തിന്റെ സഞ്ചാരപഥം വിലയിരുത്താനുള്ള കഴിവുമാണ് ശ്രീജേഷിനെ തരംഗങ്ങളിലെത്തിച്ചത്.
ടീമിന്റെ മോശം പ്രകടനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഗോള്‍പോസ്റ്റിന്റെ സൂക്ഷിപ്പുകാരന്‍ മികച്ച പ്രകടനം തുടര്‍ന്നു. 2014ലെ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടിയതാണ് അദ്ദേഹത്തിന്റെ തിളങ്ങുന്ന നിമിഷങ്ങളിലൊന്ന്. ഗെയിംസിലെ ഇന്ത്യയുടെ 16 വര്‍ഷത്തെ സ്വര്‍ണ്ണ മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ സഹായിച്ചത് അദ്ദേഹം രക്ഷിച്ച രണ്ട് പെനാല്‍റ്റികളായിരുന്നു.
എന്നാല്‍ പി ആര്‍ ശ്രീജേഷിന്റെ നിശ്ചയദാര്‍ഢ്യം തിരിച്ചറിയുന്ന ഒരു നിമിഷമുണ്ടെങ്കില്‍, അത് 2015ലെ ഹോക്കി വേള്‍ഡ് ലീഗില്‍ ഹോളണ്ടിനെതിരായ വെങ്കല മെഡല്‍ മത്സരമായിരിക്കണം.
ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിന്റെ രണ്ട് തുടകളിലും ഐസ് പൊതിഞ്ഞിരുന്നു. തള്ളവിരലാകട്ടെ ഒടിഞ്ഞെന്ന് സംശയിക്കുന്ന തരത്തിലുമെത്തിയിരുന്നു. തോളില്‍ സംരക്ഷിത സര്‍ജിക്കല്‍ ടേപ്പുകള്‍ കൊണ്ട് മറച്ചിരുന്നു. മത്സരത്തിന്റെ തലേദിവസം രാത്രി അദ്ദേഹത്തിന് നടക്കാന്‍ പ്രയാസമായിരുന്നു.
ഗോള്‍പോസ്റ്റിന് മുമ്പിലെത്തിയപ്പോള്‍ ഈജിപ്തിലെ മമ്മിയുടെ രൂപം പോലെയുണ്ടായിരുന്നു. എന്നാല്‍ എല്ലാ വേദനകള്‍ക്കും നര്‍മ്മത്തിനും പിന്നില്‍ മൂന്ന് പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള മെഡലെന്ന ഇന്ത്യന്‍ സ്വപ്‌നമായിരുന്നു മുന്നിട്ടു നിന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ സേവുകള്‍ ഒരു മികച്ച ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസമെന്ന നിലയില്‍ പി ആര്‍ ശ്രീജേഷിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടതോടെ റിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞത്. മെഡല്‍ നേടിയില്ലെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
എന്നാല്‍ വിജയങ്ങളൊരിക്കലും ശ്രീജേഷിനെ മത്തുപിടിപ്പിച്ചില്ല. വിനയാന്വിതനായി തുടര്‍ന്ന അയാള്‍ സാധാരണയായി കായിക താരങ്ങളുമായി ബന്ധപ്പെട്ട ഗ്ലാമറിന്റെ കെണികളില്ലാതെ ജീവിതം നയിച്ചു. ഇത് സഹതാരങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി.
2017ലെ പരിക്ക് ശ്രീജേഷിന്റെ കരിയറിന് ഭീഷണിയായിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, രണ്ട് ശസ്ത്രക്രിയകള്‍ക്കും നിരവധി മാസത്തെ വിശ്രമത്തിനും ശേഷം അദ്ദേഹം തിരികെയെത്തി.
പരിക്കിന്റെ പിടിയില്‍ നിന്നും മോചനം നേടി പതിയെ കളിക്കളത്തിലേക്ക് എത്തിയപ്പോള്‍ പ്രകടനത്തിലും കാര്യമായ മാറ്റമുണ്ടായി. ഇതോടെ പ്രായം കുറഞ്ഞ ഗോള്‍ കീപ്പര്‍മാരെ കുറിച്ചുള്ള ആലോചനയും ഉയര്‍ന്നുവന്നു. ആ സമയത്തൊക്കെ ശ്രീജേഷാകട്ടെ ബഹളങ്ങളില്‍ നിന്നെല്ലാം മാറി കഠിനാധ്വാനത്തിലായിരുന്നു.
നാല് പതിറ്റാണ്ടിലേറെ ഇന്ത്യ കാത്തു നിന്ന ഒളിംപിക്‌സ് ഹോക്കി മെഡല്‍ സ്വപ്‌നത്തിന് അറുതിയായത് 2020ലെ ടോക്കിയോ ഒളിംപിക്‌സിലായിരുന്നു. ഇന്ത്യക്ക് വെങ്കല മെഡല്‍ നേടാന്‍ അദ്ദേഹം സഹായിച്ചു.
തെക്കന്‍ കേരളത്തിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ശ്രീജേഷിന്റെ ജനനം. കായിക ഇനങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും കൂടുതല്‍ ഓടുന്നതില്‍ വലിയ താത്പര്യക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഹോക്കിയിലെ വിവിധ പ്ലെയിംഗ് പൊസിഷനുകള്‍ പരീക്ഷിച്ചൊടുവില്‍ ഗോള്‍ കീപ്പറിലേക്കെത്തിയത്.
സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ശ്രീജേഷ് 2003ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ട്രയല്‍സിന് വിളിക്കപ്പെട്ടത്. 48 മണിക്കൂറിലധികം നീണ്ട ട്രെയിന്‍ യാത്രയ്ക്ക് ശേഷമാണ് 15 വയസുകാരന്‍ ഇന്ത്യന്‍ തലസ്ഥാനത്ത് എത്തിയത്. ക്യാമ്പിലെ മിക്ക കളിക്കാരും സംസാരിക്കുന്ന ഭാഷയായ ഹിന്ദിയിലാകട്ടെ ശ്രീജേഷിന് വലിയ പിടിപാടുമുണ്ടായിരുന്നില്ല.
ഹോസ്റ്റലില്‍ കൂടുതലും ഹിന്ദി സംസാരിക്കുന്ന ആണ്‍കുട്ടികളോടൊപ്പം താമസം തുടങ്ങിയതോടെ ഭാഷ പഠിക്കാനായി.
ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്വന്തമായി നല്ലൊരു കിറ്റുണ്ടായിരുന്നില്ല. കിറ്റിനുള്ള പതിനായിരം രൂപ കണ്ടെത്താന്‍ ശ്രീജേഷിന്റെ പിതാവ് പശുവിനെ വില്‍ക്കുകയാണ് ചെയ്തത്. പശുവിനെ വിറ്റ് ഹോക്കി സ്റ്റിക്ക് വാങ്ങിയത് നഷ്ടമായില്ലെന്ന് മകന്‍ പിന്നീട് തെളിയിച്ചു.
വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി ശ്രീജേഷ് നിയമിക്കപ്പെട്ടു. അതോടെ ശ്രീജേഷ് തന്റെ മക്കളുടെ യാത്രയ്ക്കും തുടക്കമിടുകയാണ്. താന്‍ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ മക്കള്‍ രണ്ടുപേരും യാത്ര തുടങ്ങുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.