ദിസ്പൂർ: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് സമീപമുണ്ടായ അതിഭീകരമായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. അമിതവേഗതയിലെത്തിയ മിനി ബസും കണ്ടെയ്നര്‍ ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍പ്പെട്ട മിനി ബസില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും കോളജ് വിദ്യാര്‍ഥികളാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനത്തിനുള്ളില്‍ ഇപ്പോഴും നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
ബൊക്കാഖട്ടില് നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന അബ്ദുള്‍ മജീദ് എന്നയാള്‍ ഓടിച്ചിരുന്ന ട്രാവലര്‍ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. 27 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ അനുമതിയുള്ള വാഹനത്തില്‍ 35-ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. കാസിരംഗ ദേശീയോദ്യാനത്തിന് സമീപം ഏര്‍പ്പെടുത്തിയിട്ടുള്ള വേഗനിയന്ത്രണങ്ങള്‍ ലംഘിച്ച് അമിതവേഗതയിലായിരുന്നു മിനി ബസ് സഞ്ചരിച്ചിരുന്നത്.
ഇതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ഗോലാഘട്ട് സീനിയര്‍ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. കൂട്ടിയിടിയുടെ ആഘാതത്തില്‍ മിനി ബസിന്റെ മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായും തകര്‍ന്നു.
അപകടം നടന്നയുടന്‍ തന്നെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊഹോറ മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായവരെ വിദഗ്ധ ചികിത്സയ്ക്കായി ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടവിവരമറിഞ്ഞയുടന്‍ സ്ഥലം എം.എല്‍.എ. കൂടിയായ അസം പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി അതുല്‍ ബോറ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നുണ്ട്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അസമിൽ വന്‍ അപകടം; മിനി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 23 മരണം, 7 പേർക്ക് പരിക്ക്
