തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് 42 മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് 42 മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്


ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും 42 മുൻ ജഡ്ജിമാർ ഒപ്പിട്ട തുറന്ന കത്ത് പുറത്തിറങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെയും (Special Intensive Revision - SIR) പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജ്യത്തെ ജനങ്ങൾക്കുമായി ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാരും ചീഫ് ജസ്റ്റിസുമാരും ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ഇത്തരം ശ്രമങ്ങൾ ജനങ്ങളുടെ വിശ്വാസം തകർക്കും. തങ്ങൾക്ക് രാഷ്ട്രീയ അജണ്ടയൊന്നുമില്ലെന്നും, "മൗനം ഇനി നിഷ്പക്ഷമായ ഒരു നിലപാടല്ല" എന്നതുകൊണ്ടാണ് തങ്ങൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും കത്തിൽ ഒപ്പുവെച്ചവർ വ്യക്തമാക്കി. യാതൊരു തെളിവുകളുമില്ലാതെ ഉന്നയിക്കപ്പെട്ട "വോട്ട് മോഷണം" എന്ന ആരോപണങ്ങളെ മുൻ ജഡ്ജിമാർ ചോദ്യം ചെയ്യുകയും, നിയമപരമായി നടപ്പിലാക്കിയ SIR നടപടിക്രമത്തെ ന്യായീകരിക്കുകയും ചെയ്തു. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ പൊതുജനവിശ്വാസം തകർക്കാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അവർ, "ബാലറ്റിന് പ്രസക്തി നഷ്ടപ്പെടുമ്പോൾ തെരുവുകൾക്ക് പ്രസക്തി കൈവരുന്നു" എന്നും കൂട്ടിച്ചേർത്തു.

തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതികളെ സമീപിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വാർത്താസമ്മേളനങ്ങളിൽ മാത്രമാണ് പ്രതിപക്ഷം 'വോട്ട് മോഷണം' പോലുള്ള കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ തോൽവി നേരിടുമ്പോൾ മാത്രം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തുകയും, ഇതേ മെഷീനുകൾ വഴി വിജയിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാൻ അവകാശമുണ്ടെങ്കിലും അവയെ അപകീർത്തിപ്പെടുത്താനും ഉദ്യോഗസ്ഥരെ പൊതുവേദിയിൽ 'കള്ളന്മാർ' 'പാവകൾ', 'വിശ്വാസ്യത നഷ്ടപ്പെട്ടവർ' എന്ന് വിളിച്ച് ആക്ഷേപിക്കാനും ആർക്കും അവകാശമില്ല.

"അസ്വസ്ഥതകൾക്ക് തുടക്കമിടുന്നത് ഒരു പ്രത്യേക ആഖ്യാനമാണ്. തുടർന്ന്, ആ സാഹചര്യത്തിലുണ്ടാകുന്ന ശൂന്യത അരാജകവാദികളും തീവ്രസ്വഭാവമുള്ളവരുമായ വിഭാഗങ്ങൾ മുതലെടുക്കുന്നു. ഇക്കൂട്ടരിൽ ചിലർ ആഭ്യന്തരമായി രൂപപ്പെട്ടവരാണെങ്കിൽ, മറ്റു ചിലർക്ക് പ്രചോദനം ലഭിക്കുന്നത് അതിർത്തിക്കപ്പുറത്തുനിന്നാണ്. ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നത് നിഷ്പക്ഷമായ ഒരു നിലപാടല്ല എന്നതുകൊണ്ടാണ് ഞങ്ങൾ ഇതെഴുതുന്നത്. ഞങ്ങൾക്ക് അതിയായ ആശങ്കയുണ്ട്; ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ തുടർച്ചയായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്," മുൻ ജഡ്ജിമാർ പറഞ്ഞു.

"ഈ ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവിൽ നിൽക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഞങ്ങൾ ഏറെ ആദരിക്കുന്ന ഉന്നത നീതിന്യായ വ്യവസ്ഥയും നിയമപരമായ അധികാരമുള്ള ഏജൻസികളും പോലും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല," എന്നും കത്തിൽ പറയുന്നു.

'നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ആസൂത്രിതമായ പ്രചാരണം'

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് മൂലമുണ്ടാകാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ, നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ആസൂത്രിതമായ ഒരു പ്രചാരണമാണിതെന്നാണ് കരുതുന്നത്. "വിശ്വാസമാണ് ജനാധിപത്യത്തിന്റെ മൂലധനം," എന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജിമാർ, "സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്, എന്നാൽ അവയെ അവഹേളിക്കുന്നത് അങ്ങനെയല്ല," എന്നും കൂട്ടിച്ചേർത്തു.

പേരെടുത്തു പറയാതെ തന്നെ കോൺഗ്രസിനെയും 'കോക്രോച്ച് ജനതാ പാർട്ടി'യെയും രൂക്ഷമായി വിമർശിക്കുന്ന പരാമർശങ്ങളും കത്തിലുണ്ട്. "വോട്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത് കോടതികൾക്ക് മുന്നിലല്ല, മറിച്ച് പത്രസമ്മേളനങ്ങളിലാണ്. സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ആരും അത് ചെയ്യാറില്ല. പരാജയപ്പെട്ടതിന് ശേഷം മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കുറ്റപ്പെടുത്തപ്പെടുന്നത്. അതേ മെഷീനുകൾ ഉപയോഗിച്ച് നേടുന്ന വിജയങ്ങൾ ചോദ്യം ചെയ്യപ്പെടാറുമില്ല. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഈ രാജ്യം ഭരിച്ച ഒരു പാർട്ടി, ഇപ്പോൾ തങ്ങളെ അധികാരത്തിലേറ്റിയ അതേ സംവിധാനം അട്ടിമറിക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്നു," കത്തിൽ പറയുന്നു.

"തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം നിയമനടപടികൾ സ്വീകരിക്കുന്ന ചരിത്രമുള്ള ആക്ടിവിസ്റ്റ് സംഘടനകൾ ഇത്തരം അവകാശവാദങ്ങൾക്ക് നിയമപരമായ പരിവേഷം നൽകുന്നു. അവർ ഒന്നിനുപുറകെ ഒന്നായി ഹർജികൾ ഫയൽ ചെയ്യുന്നു. എന്നാൽ തെളിവുകൾ ഹാജരാക്കുന്നത് വളരെ അപൂർവ്വമാണ്. കോടതിമുറി ഒരു വേദിയായി മാറുന്നു. വിധി തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമല്ലാത്തപ്പോഴെല്ലാം അതിനെ വിമർശിക്കുകയും ചെയ്യുന്നു," 


‘SIR നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഒരു നടപടിക്രമം’

വോട്ടർ പട്ടികകൾ കുറ്റമറ്റതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള, നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഒരു നടപടിക്രമമാണ് വോട്ടർ പട്ടികയുടെ 'പ്രത്യേക തീവ്ര പുനഃപരിശോധന' എന്ന് അവർ ചൂണ്ടിക്കാട്ടി. "ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽക്കേ തീവ്ര പുനഃപരിശോധനകൾ ആവർത്തിച്ച് നടത്തിവരുന്നുണ്ട്. അവസാനമായി SIR നടന്നത് ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ്. അന്ന് ആരും അത്തരം പുനഃപരിശോധനകളെ ഒരു ഗൂഢാലോചനയായി വിശേഷിപ്പിച്ചിരുന്നില്ല," 

പതിറ്റാണ്ടുകളായുള്ള കുടിയേറ്റവും നഗരവൽക്കരണവും വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തേണ്ടത് അനിവാര്യമാക്കിയിട്ടുണ്ട്. കുറ്റമറ്റ ഒരു വോട്ടർ പട്ടിക ഓരോ യഥാർത്ഥ വോട്ടിനെയും സംരക്ഷിക്കുന്നു. നടപടിക്രമങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ല. ഈ ചട്ടങ്ങൾ 2025-ൽ എഴുതിയതല്ല. 1950-ൽ തയ്യാറാക്കിയതാണ്. SIR-നെച്ചൊല്ലിയുള്ള ബഹളം പെട്ടെന്നുണ്ടായതും, അതേസമയം വളരെ സൗകര്യപ്രദമായ സമയത്ത് ഉയർന്നുവന്നതുമാണെന്ന് തോന്നുന്നു. 

സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ പ്രചരിപ്പിക്കരുത് 

സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് അവർ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. "ഒരു തലക്കെട്ട് തെളിവല്ല; ഒരു ആരോപണം ആവർത്തിച്ചതുകൊണ്ട് അത് സത്യമാകുന്നില്ല," അവർ പറഞ്ഞു. "വസ്തുതകൾ പരിശോധിച്ച ശേഷം മാത്രം നടപടികളിലേക്ക് കടക്കുക. നിങ്ങളുടെ വോട്ടിന് അർത്ഥമില്ലെന്ന് ആരെയും വിശ്വസിപ്പിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്; അതിന് വലിയ പ്രാധാന്യമുണ്ട്." തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതെ അവയിൽ മത്സരിക്കണമെന്നും, പരാതികൾ തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും അറിയിക്കണമെന്നും മുൻ ജഡ്ജിമാർ രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചു.