പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി ഇറാനിൽ 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇതിനിടയിലും സൈനികാക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സംയുക്താക്രമണം നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. ഇസ്രായേൽ 'ഓപ്പറേഷൻ ലയൺസ് റോർ' എന്നും യുഎസ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്നും പേരിട്ട സൈനിക നടപടികളാണ് നടക്കുന്നത് . ആക്രമണത്തിൽ ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനെയി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തുടർന്ന് ലോകമെമ്പാടും ഷിയ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികാരമായി ഇസ്രായേലിേെലക്കും സമീപരാജ്യങ്ങളായ ഖത്തർ, കുവൈത്ത്, യുഎഇ, ബഹറൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലെബനനിൽ ഹിസ്ബുള്ളക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കി.
യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും അടിയന്തര സംഘങ്ങൾ അതിനെ നിയന്ത്രണവിധേയമാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു.
ഇസ്രായേലിലുള്ള അമേരിക്കക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള മാർഗങ്ങൾ പരിമിതമാണെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബി അറിയിച്ചു. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ ബസ് സർവീസ് ഉപയോഗിച്ച് ഈജിപ്തിലെ താബയിലേക്ക് എത്തി അവിടെ നിന്ന് കെയ്‌റോയിലേക്ക് വിമാനമാർഗം യാത്ര ചെയ്യണമെന്ന് നിർദേശിച്ചു.
ലെബനനിൽ കൂടുതൽ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചടക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിച്ചു. ഇറാനിൽ പുതിയ പരമാധികാരിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അധികം വൈകില്ലെന്നും ഇറാനിയൻ അധികൃതർ വ്യക്തമാക്കി.
ഇതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിൽ കടന്നുകയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ അമേരിക്കൻ സൈന്യം വെടിയുതിർന്നതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പത്തു പേർ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
യുദ്ധം കുറഞ്ഞത് നാല് ആഴ്ചയെങ്കിലും തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും അതിനു സാധ്യതയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവ അമേരിക്കയുടെ നടപടി വിമർശിച്ച് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു.
പ്രദേശത്തെ സമാധാനവും ആഗോള സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ യുദ്ധത്തിന്റെ അന്തിമഫലം എന്താകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.
