60 ദിവസത്തേക്ക് ക്രൂഡോയിൽ ശേഖരം; ആശങ്ക വേണ്ടെന്ന് ഹർദീപ് സിങ് പുരി

60 ദിവസത്തേക്ക് ക്രൂഡോയിൽ ശേഖരം; ആശങ്ക വേണ്ടെന്ന് ഹർദീപ് സിങ് പുരി


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് യാതൊരു ക്ഷാമവും ഇല്ലെന്ന് കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി
വ്യക്തമാക്കി. ഇന്ത്യയ്ക്ക് നിലവിൽ 60 ദിവസത്തേക്ക് മതിയാകുന്ന ക്രൂഡോയിൽ ശേഖരവും 60 ദിവസത്തേക്ക് എൽഎൻജിയും 45 ദിവസത്തേക്ക് എൽപിജി സംഭരണവും ഉണ്ടെന്ന് മന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആശങ്ക പരത്തുന്ന തരത്തിൽ ചിലർ വ്യാജപ്രചാരണം നടത്തുന്നതായും അതിനെ തുടർന്ന് ജനങ്ങൾ അനാവശ്യമായി ഇന്ധനം സംഭരിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യത്ത് എവിടെയും പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങളെ തുടർന്ന് പെട്രോൾ ഉപയോഗത്തിൽ 6 ശതമാനം വർധനവുണ്ടായതായും മന്ത്രി പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പല രാജ്യങ്ങളുടെയും ഊർജവിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വിതരണശൃംഖല സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് വഴി നടക്കുന്ന എണ്ണ ഗതാഗതത്തിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, രാജ്യത്ത് എൽപിജി ഉൽപാദനം ദിവസേന 35,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.