8,931 ദിവസം അധികാരത്തിൽ: ഏറ്റവും കൂടുതൽ കാലം രാജ്യത്തെ സേവിച്ച നേതാവായി നരേന്ദ്രമോഡി

8,931 ദിവസം അധികാരത്തിൽ: ഏറ്റവും കൂടുതൽ കാലം രാജ്യത്തെ സേവിച്ച നേതാവായി നരേന്ദ്രമോഡി


ന്യൂഡൽഹി:  ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത നേതാവായി  ചരിത്ര നേട്ടം സ്വന്തമാക്കി നരേന്ദ്രമോഡി. ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും എന്ന നിലയിൽ ചേർത്ത് 8,931 ദിവസമാണ് അദ്ദേഹം അധികാരത്തിൽ പിന്നിടുന്നത്.

ഇതോടെ, സിക്കിം മുൻ മുഖ്യമന്ത്രിയായ പവൻകുമാർ ചാംലിംഗിന്റെ 8,930 ദിവസത്തെ റെക്കോർഡ് മോഡി മറികടന്നു. ഏകദേശം 25 വർഷത്തോളം തുടർച്ചയായ ഭരണനേതൃത്വമാണ് ഈ നേട്ടത്തിന് പിന്നിൽ.

2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ മോഡി 2014 മെയ് 21 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് 2014 മെയ് 26ന് ഇന്ത്യയുടെ 14ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭയിൽ പൂർണ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ആദ്യ കോൺഗ്രസ് ഇതര നേതാവായും അദ്ദേഹം മാറി.

2014, 2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് മൂന്നാം തവണയും പ്രധാനമന്ത്രിയായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥിരതയും ജനപിന്തുണയും തെളിയിക്കുന്നു. രണ്ട് പൂർണ കാലാവധികൾ പൂർത്തിയാക്കി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയുമാണ് മോഡി.

സോഷ്യൽ മീഡിയയിലും മുന്നേറ്റം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മോഡിയുടെ സ്വാധീനം ശ്രദ്ധേയമാണ്. ഇൻസ്റ്റ ഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടന്ന ആദ്യ നിലവിലെ ലോകനേതാവാണ് അദ്ദേഹം. നിലവിൽ 101 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്.

യു ട്യൂബിൽ 30 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സും എക്‌സിൽ (മുൻ ട്വിറ്റർ) 106 മില്യൺത്തിലധികം ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്.

ദീർഘകാല രാഷ്ട്രീയ യാത്രയും തുടർച്ചയായ ജനപിന്തുണയുമാണ് മോഡിയെ രാജ്യത്തെ പ്രധാന നേതാക്കളിൽ ഒന്നാമനാക്കി ഉയർത്തിയത് എന്നാണ് വിലയിരുത്തൽ.