ടെൽ അവീവ്/വാഷിംഗ്ടൺ: ഇസ്രയേലിലെ തെക്കൻ നഗരമായ അരാദിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടം. ആക്രമണത്തിൽ 88 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അരാദ് നഗര മേയറുമായി സംസാരിച്ചതായി അറിയിച്ചു. 'വളരെ ദുഷ്‌കരമായ രാത്രി'യായിരുന്നു ഇതെന്നും രക്ഷാപ്രവർത്തനവും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും ശത്രുക്കൾക്കെതിരെ ആക്രമണം തുടരാനാണ് തീരുമാനം എന്നും നെതന്യാഹു വ്യക്തമാക്കി.
ഇതിനിടെ, ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ 'ഭീഷണി ഇല്ലാതെ പൂർണമായി തുറക്കാത്ത പക്ഷം' ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. മാർച്ച് 21ന് രാത്രി 23:44 (GMT)യാണ് സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. അതനുസരിച്ച് മാർച്ച് 23ന് രാത്രി വരെ സമയപരിധി നൽകിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ ഗതാഗത മാർഗങ്ങളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ലോകരാജ്യങ്ങളിലേക്ക് ആവശ്യമുള്ള എണ്ണയുടെയും എൽ.എൻ.ജിയുടെയും ഏകദേശം 20 ശതമാനം ഇതുവഴിയാണ് കടന്നു പോകുന്നത്. ഇറാൻ കടലിടുക്ക് തടഞ്ഞതോടെ ആയിരക്കണക്കിന് കപ്പലുകളുടെ ഗതാഗതത്തെ ബാധിച്ചു. യുദ്ധം തുടങ്ങിയതിനു ശേഷം കുറഞ്ഞത് 21 കപ്പലുകൾ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, യുഎഇ തീരത്തോട് ചേർന്ന് കപ്പലിനോട് ചേർന്ന് സ്‌ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. ഷാർജയ്ക്ക് വടക്കായി ഏകദേശം 27 കിലോമീറ്റർ അകലെയായാണ് സംഭവമെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.
യുദ്ധം ശക്തമാകുന്നതിനിടെ ആഗോള ഇന്ധനവില കുത്തനെ ഉയർന്നിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.
അരാദിൽ ഇറാൻ മിസൈൽ ആക്രമണം; 88 പേര്‍ക്ക് പരിക്ക്; 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപിന്റെ അന്ത്യശാസനം
