ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തെ കൂടുതല്‍ രാജ്യങ്ങള്‍ അപലപിച്ചു

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തെ കൂടുതല്‍ രാജ്യങ്ങള്‍ അപലപിച്ചു


ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാര ഗതാഗതം തടയാനുള്ള ശ്രമങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. കാനഡയും യു എ ഇയും ഉള്‍പ്പെടെ പന്ത്രണ്ടിലധികം രാജ്യങ്ങളാണ് ഇതിനകം പ്രസ്താവനയോടൊപ്പം ചേര്‍ന്നത്.

വ്യാഴാഴ്ചയാണ് പ്രസ്താവന ആദ്യം പുറത്തുവന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍ എന്നിവയാണ് ആദ്യം ഒപ്പുവച്ചത്. ആയുധമില്ലാത്ത വ്യാപാര കപ്പലുകള്‍ക്കെതിരായ ഇറാന്റെ പുതിയ ആക്രമണങ്ങളും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങളും കടലിടുക്കിന്റെ അടച്ചിടലും ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

ശനിയാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ വിവരങ്ങള്‍ പ്രകാരം, ദക്ഷിണ കൊറിയ ഉള്‍പ്പെടെ പതിനാറ് രാജ്യങ്ങള്‍ കൂടി ഇപ്പോള്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.