ഹോര്‍മുസില്‍ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവ് ക്ഷയിച്ചെന്ന് യു എസ്

ഹോര്‍മുസില്‍ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവ് ക്ഷയിച്ചെന്ന് യു എസ്


വാഷിംഗ്ടണ്‍: ഈ ആഴ്ച നടത്തിയ വ്യോമാക്രമണങ്ങള്‍ക്കു പിന്നാലെ ഹോര്‍മുസ് കടലിടുക്കിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ക്ഷയിച്ചതായി യു എസ് സൈന്യം. ക്രൂയിസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗര്‍ഭ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചില്‍ ഒരുഭാഗം കടന്നുപോകുന്ന പ്രധാന വഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതോടെ സമീപ മിസൈല്‍ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യം തങ്ങളുടെ ഏറ്റവും ശക്തമായ ബോംബുകളാണ് വിനിയോഗിച്ചത്.

ഇറാന്റെ തീരത്തുള്ള ഭൂഗര്‍ഭ കേന്ദ്രത്തില്‍ അയ്യായിരം പൗണ്ട് ഭാരമുള്ള നിരവധി ബോംബുകള്‍ വര്‍ഷിച്ചതായും ഈ കേന്ദ്രത്തിലാണ് കപ്പല്‍ ിരുദ്ധ ക്രൂയിസ് മിസൈലുകള്‍, മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ സംഭരിച്ചിരുന്നതെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡറായ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.

കേന്ദ്രം നശിപ്പിച്ചതിനൊപ്പം കപ്പല്‍ ഗതാഗതം നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന രഹസ്യാന്വേഷണ പിന്തുണ കേന്ദ്രങ്ങളും മിസൈല്‍ റഡാര്‍ സംവിധാനങ്ങളും തകര്‍ത്തതായും എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ കൂപ്പര്‍ പറഞ്ഞു.

ഇതിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്കിലും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലുമുള്ള ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവ് കുറഞ്ഞിരിക്കുകയാണെന്നും ഈ ലക്ഷ്യങ്ങളെ പിന്തുടരുന്നത് നിര്‍ത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എണ്ണ വിലയിലും ആഗോള വ്യാപാരത്തിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വാഷിംഗ്ടണിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നോര്‍ത്ത് സീ ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില 50 ശതമാനത്തിലധികം ഉയര്‍ന്ന് ബാരലിന് 105 ഡോളറിന് മുകളില്‍ എത്തി.

വെള്ളിയാഴ്ച നേറ്റോ സഖ്യരാജ്യങ്ങളെ ഭീരുക്കള്‍ എന്ന് വിശേഷിപ്പിച്ച് ഡോണാള്‍ഡ് ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിക്കുകയും കടലിടുക്ക് സുരക്ഷിതമാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കന്‍ സൈന്യം ഇതുവരെ മൂന്ന് ആഴ്ചക്കിടെ എട്ടായിരത്തിലധികം സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും 130 ഇറാനിയന്‍ കപ്പലുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതായും കൂപ്പര്‍ വ്യക്തമാക്കി.

2022ലെ എയര്‍ ഫോഴ്സ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം അയ്യായിരം പൗണ്ട് (2,268 കിലോ) ഭാരമുള്ള ബോംബുകളുടെ വില ഏകദേശം 2.88 ലക്ഷം ഡോളറാണ്. ഇവ കഴിഞ്ഞ വര്‍ഷം ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഉപയോഗിച്ച 30,000 പൗണ്ട് ഭാരമുള്ള ബോംബുകളേക്കാള്‍ ശക്തി കുറവുള്ളതാണ്.