ബ്രിട്ടീഷ് നാവികസേനയുടെ ആണവ സബ്മറൈൻ എച്ച് എം എസ് ആൻസൺ അറേബ്യൻ കടലിൽ നിലയുറപ്പിച്ചതായി റിപ്പോർട്ട്. ഇറാനെ ലക്ഷ്യമിട്ട് ആക്രമണപരിധിക്കുള്ളിൽ എത്തിച്ചെന്നാണു ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഓസ്‌ട്രേലിയയിലെ എച്ച്എംഎഎസ് സ്റ്റിർലിങ് ആസ്ഥാനത്ത് നിന്ന് മാർച്ച് 6ന് പുറപ്പെട്ട സബ്മറൈൻ ഏകദേശം 5,500 മൈൽ സഞ്ചരിച്ചാണ് അറേബ്യൻ കടലിൽ എത്തിയത്. മുങ്ങിക്കപ്പലിന്റെ സ്ഥാനം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
ഇതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ അനുമതിയോടെ അമേരിക്കയ്ക്ക് ആർഎഎഫ് ഫെയർഫോർഡ്, ഡിയേഗോ ഗാർസിയ എന്നീ ബ്രിട്ടീഷ് താവളങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകിയതായും റിപ്പോർട്ടുണ്ട്. മുമ്പ് പ്രതിരോധ ആവശ്യങ്ങൾക്കു മാത്രമായിരുന്നു ഈ അനുമതി.
എന്താണ് എച്ച് എം എസ് ആൻസൺ ?
97 മീറ്റർ നീളമുള്ള 'അസ്റ്റ്യൂട്ട് ക്ലാസ്' ആണവ സബ്മറൈനാണ് എച്ച് എം എസ് ആൻസൺ. ഏകദേശം 1.42 ബില്യൺ യൂറോ ചെലവിലാണ് ഇത് നിർമ്മിച്ചത്. 1000 മൈലിൽ കൂടുതൽ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന ടോമഹോക്ക് ക്രൂയിസ് മിസൈലുകളും, 14 മൈൽ വരെ ആക്രമിക്കാവുന്ന സ്പിയർഫിഷ് ടോർപിഡോകളും ഇതിൽ സജ്ജമാണ്. 300 മീറ്റർ ആഴത്തിൽ പ്രവർത്തിക്കാനും ദീർഘകാലം വെള്ളത്തിനടിയിൽ തന്നെ തുടരാനുമുള്ള ശേഷിയുണ്ട്.
ഇറാന് കണ്ടെത്താനാകുമോ?
ആധുനിക സോണാർ സംവിധാനങ്ങളുള്ള ഈ സബ്മറൈൻ കണ്ടെത്തുന്നത് ദുഷ്‌കരമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇറാൻ നാവികസേനയ്ക്ക് സബ്മറൈൻ വേട്ടയ്ക്കുള്ള ഹെലികോപ്റ്ററുകളും ടോർപിഡോകളും സ്വന്തമായുണ്ട്. കൂടാതെ 'ഫതേഹ്' ഉൾപ്പെടെയുള്ള സബ്മറൈനുകളും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അറബിക്കടൽ മേഖലയിലെ സൈനിക സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു.
അറേബ്യൻ കടലിൽ ബ്രിട്ടീഷ് ആണവ സബ്മറൈൻ: ഇറാനെ ലക്ഷ്യമിട്ട് നീക്കം?
