ഡിമോണയ്ക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; ആണവ ദുരന്ത ഭീഷണിയെന്ന് മുന്നറിയിപ്പ്

ഡിമോണയ്ക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; ആണവ ദുരന്ത ഭീഷണിയെന്ന് മുന്നറിയിപ്പ്


ടെൽ അവീവ്/ടെഹ്രാൻ: ഇസ്രയേലിലെ നിർണായക ആണവ കേന്ദ്രമായ ഡിമോണ ആണവ നിലയത്തിനുസമീപം ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ കേന്ദ്രത്തെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ദി വാൾ സ്ട്ര്ീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 5ന്, ഇസ്രയേലും അമേരിക്കയും ഭരണകൂട മാറ്റത്തിന് ശ്രമിച്ചാൽ ഡിമോണ ആണവ കേന്ദ്രത്തെ ലക്ഷ്യമാക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന്, ആ കേന്ദ്രം സ്ഥിതിചെയ്യുന്ന നഗരത്തിന് സമീപം മിസൈൽ ആക്രമണം നടന്നതോടെ ആശങ്ക ശക്തമായി.

ഡിമോണ ആണവ നിലയം ഇസ്രയേലിന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്രബിന്ദുവായാണ് കണക്കാക്കപ്പെടുന്നത്. 1958ൽ നിർമ്മാണം ആരംഭിച്ച ഈ കേന്ദ്രത്തിലെ ഹെവി വാട്ടർ റിയാക്ടർ 1960കളിൽ പ്രവർത്തനം ആരംഭിച്ചു. പ്ലൂട്ടോണിയം ഉൽപാദനത്തിനും ആണവ ഗവേഷണത്തിനും പ്രധാന കേന്ദ്രമായി ഇത് വളർന്നു. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവുമായി സഹകരിച്ചാണ് പ്രവർത്തനം മുന്നേറുന്നത്.

സംഭവത്തെ തുടർന്ന് ആണവ ദുരന്ത സാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ മുന്നറിയിപ്പ് ഉയർന്നു.  പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റഫേൽ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ആണവ കേന്ദ്രങ്ങൾക്കു സമീപമുള്ള സൈനിക നീക്കങ്ങളിൽ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡിമോണ കേന്ദ്രത്തിന്റെ രഹസ്യസ്വഭാവവും ശ്രദ്ധേയമാണ്. വർഷങ്ങളോളം ഈ പദ്ധതിയുടെ യഥാർത്ഥ സ്വഭാവം അമേരിക്കൻ ഇന്റലിജൻസിനും വ്യക്തമല്ലായിരുന്നു. 1960ൽ ഹെൻ റി ഗോംബർഗ്  എന്ന ശാസ്ത്രജ്ഞൻ ഇതിന്റെ യഥാർത്ഥ ഉദ്ദേശം പുറത്തുകൊണ്ടുവന്നതോടെയാണ് കേന്ദ്രം അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെട്ടത്.

ഡിമോണയിൽ നിന്ന് ജെറുസലേം ഏകദേശം 80-85 കിലോമീറ്ററും ടെൽ അവിവ് 115-140 കിലോമീറ്ററും അകലെയാണ്. ഇവിടെ ഉണ്ടാകുന്ന ഏതൊരു ആക്രമണവും കിരണ വികിരണ ഭീഷണി ഉയർത്തുകയും സമീപ രാജ്യങ്ങളായ ജോർദാൻ ഉൾപ്പെടെ വലിയ പ്രദേശത്തെ ബാധിക്കാനിടയുണ്ടെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ വലിയ മാനുഷിക ദുരന്തത്തിലേക്ക് നയിക്കാമെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്.