തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി മരിച്ചതായി ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ (42) എന്ന യുവാവിന്റെ കുടുംബം ആശങ്കയിൽ. മുത്താന ശിവശൈലം സ്വദേശിയായ സുരേഷിന്റെ മരണവിവരം, ഇസ്രയേലിലെ മലയാളി അസോസിയേഷൻ ഭാരവാഹിയാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ടെൽ അവീവിൽ വെച്ചാണ് മരണം സംഭവിച്ചതെന്നും മൃതദേഹം അൽ ഖബീർ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് വിവരം നൽകിയ വ്യക്തി പറഞ്ഞത്. എന്നാൽ, ഇസ്രയേലിലെ ഇന്ത്യൻ എംബസിയോ മറ്റ് ഔദ്യോഗിക ഏജൻസികളോ ഇതുവരെ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
മാർച്ച് 16നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താമസിക്കുന്ന പ്രദേശത്ത് മിസൈൽ ആക്രമണം നടക്കുന്നുണ്ടെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും അന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒരു വർഷം മുൻപാണ് സുരേഷ് ഇസ്രയേലിലേക്ക് പോയത്. ആറുമാസം മുൻപ് അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലെത്തി പിന്നീട് തിരികെ പോയിരുന്നു.
'ഇതുവരെ ആധികാരികമായ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ഫോൺ കോൾ വന്നതുമുതൽ വലിയ ആശങ്കയിലാണ്,' എന്ന് ബന്ധു ബിജു ടി.എസ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിനായി കുടുംബം കാത്തിരിക്കുകയാണ്.
ഇസ്രയേലിൽ മലയാളി മരിച്ചെന്ന വിവരം; ഔദ്യോഗിക സ്ഥിരീകരണം ഇല്ല, കുടുംബം ആശങ്കയിൽ
