ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിനു കാരണം യുഎസ്-ഇസ്രായേൽ ആക്രമണമെന്ന് ഇറാൻ', ഐഎംഒയുമായി സഹകരിക്കാൻ തയ്യാറെന്ന്

ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിനു കാരണം യുഎസ്-ഇസ്രായേൽ ആക്രമണമെന്ന് ഇറാൻ', ഐഎംഒയുമായി സഹകരിക്കാൻ തയ്യാറെന്ന്


യു.എൻ: ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളാണെന്ന് ഇറാൻ ആരോപിച്ചു. ഗൾഫ് മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (ഐഎംഒ)യുമായി സഹകരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറന്ന നിലയിലാണ്, എന്നാൽ ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് നിയന്ത്രണമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഐഎംഒയിൽ ഇറാനെ പ്രതിനിധീകരിക്കുന്ന അലി മൂസവി പറഞ്ഞു,  സുരക്ഷാ ക്രമീകരണങ്ങൾ ഇറാനുമായി ഏകോപിപ്പിച്ചാൽ കപ്പൽ ഗതാഗതം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഡോണൾഡ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാത്ത പക്ഷം രാജ്യത്തെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായാണ് റിപ്പോർട്ടുകൾ.

അതിന് മറുപടിയായി, ഇറാൻ സൈന്യം അമേരിക്കയുടേയും മേഖലയിൽ ഉള്ള അവരുടെ സഖ്യകക്ഷികളുടേയും ഊർജ്ജ, ഐടി, ജലശുദ്ധീകരണ സൗകര്യങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി

ഹോർമുസ് കടലിടുക്ക് ഗൾഫ് മേഖലയിലെ പ്രധാന കടൽമാർഗമാണ്. ഇതിലൂടെ തന്നെയാണ് പെർഷ്യൻ ഗൾഫ് തുറമുഖങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി നടക്കുന്നത്. നിലവിലെ സംഘർഷത്തിൽ ഇറാൻ കടലിടുക്ക് ഭാഗികമായി അടച്ചതോടെ ആഗോള ഊർജ്ജവിതരണത്തെ ബാധിക്കുകയും എണ്ണവില ഉയരുകയും ചെയ്തു.
ഇതിനിടെ, ഇന്ത്യയുടെ പതാകയുള്ള ചില എൽപിജി ടാങ്കറുകൾ ഇറാനുമായി ചർച്ചകൾക്ക് ശേഷം കടലിടുക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുകയാണ്.