സ്വകാര്യ ചടങ്ങില്‍ ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്ത് ആമിര്‍ ഖാൻ

സ്വകാര്യ ചടങ്ങില്‍ ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്ത് ആമിര്‍ ഖാൻ


മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന്‍ തന്റെ ദീര്‍ഘകാല പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആമിറിന്റെ ബാന്ദ്രയിലെ വസതിയിലാണ് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ഉച്ചയോടെ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹരേഖകളില്‍ ഒപ്പുവെച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹച്ചടങ്ങിന്റെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതോടെ നവദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തി.
വിവാഹത്തിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടയിലും ഒരുക്കങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ പാപ്പരാസി പേജുകള്‍ പങ്കുവെച്ചിരുന്നു. പാളി ഹില്ലിലെ ആമിര്‍ ഖാന്റെ വസതി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചതും ശ്രദ്ധേയമായി.
ഏകദേശം 150 അതിഥികളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്റെ മക്കളായ ജൂനൈദ്, ഐറ, ആസാദ് എന്നിവരും ഗൗരി സ്പ്രാറ്റിന്റെ മകനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംവിധായകന്‍ അശുതോഷ് ഗോവാരിക്കറും നടി എല്ലി അവ്രാമും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.
സംഗീതസംവിധായകന്‍ പ്രീതത്തിന്റെ പരിപാടിക്കിടെ ആമിര്‍ ഖാന്‍ തന്നെ ജൂലൈ 5-നാണ് വിവാഹമെന്ന് സ്ഥിരീകരിച്ചിരുന്നു.
'ജൂലൈ 5-ന് ഞാന്‍ വിവാഹിതനാകുകയാണ്. വളരെ ചെറിയ ചടങ്ങായിരിക്കും. വീട്ടില്‍വെച്ചാണ് വിവാഹം നടക്കുക. ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു,' എന്നാണ് അദ്ദേഹം പറഞ്ഞത്.
60-ാം ജന്മദിനത്തോടനുബന്ധിച്ച് ഗൗരി സ്പ്രാറ്റുമായുള്ള ബന്ധം ആമിര്‍ ആദ്യമായി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഏകദേശം 25 വര്‍ഷമായി പരസ്പരം പരിചയമുള്ളവരാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് വീണ്ടും അടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗൗരിയെ തന്റെ മക്കളായ ഐറ ഖാന്‍, ജൂനൈദ് ഖാന്‍, ആസാദ് റാവു ഖാന്‍ എന്നിവരും മുന്‍ ഭാര്യമാരായ റീന ദത്തയും കിരണ്‍ റാവുവും സ്‌നേഹപൂര്‍വം സ്വീകരിച്ചുവെന്നും ആമിര്‍ പറഞ്ഞിരുന്നു.
ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത് റീന ദത്തയെയാണ്. ഈ ബന്ധത്തിലുള്ള മക്കളാണ് ഐറയും ജൂനൈദും. പിന്നീട് സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്ത ആമിറിന് ആസാദ് റാവു ഖാന്‍ എന്ന മകനുണ്ട്. 2021-ലാണ് ആമിറും കിരണ്‍ റാവുവും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്