ഇറാനെ പ്രശംസിച്ച് അമേരിക്കയെ വിമർശിച്ച് ഇന്ത്യൻ പണ്ഡിറ്റിൻ്റെ പ്രസംഗം

ഇറാനെ പ്രശംസിച്ച് അമേരിക്കയെ വിമർശിച്ച് ഇന്ത്യൻ പണ്ഡിറ്റിൻ്റെ പ്രസംഗം


ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്ന അവകാശവാദത്തോടെ ഇന്ത്യക്കാരനായ പണ്ഡിറ്റ് വിജയ് കുമാര്‍ ശര്‍മയുടെ അമേരിക്ക വിരുദ്ധ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ പണ്ഡിറ്റ് വിജയ് കുമാര്‍ ശര്‍മ ഖുദ്സ് ദിനാചരണ വേളയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. പ്രസംഗത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിക്കുകയും ഇറാനെ പ്രശംസിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
അമേരിക്കയെ ഒരിക്കലും ഭയക്കാത്ത രാജ്യമാണ് ഇറാറെന്നും ലോകം മുഴുവന്‍ കാത്തിരുന്നത് അമേരിക്കയ്ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ഒരു ശക്തിയെയാണെന്നും അതിന് ഇറാനോട് നന്ദി പറയണമെന്നുമാണ് പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കുമൊപ്പം നിന്ന നേതാവാണ് ആയത്തുല്ല ഖംനേയിയെന്നും അദ്ദേഹം പ്രസംഗത്തില്‍ അഭിപ്രായപ്പെടുന്നു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഇന്ത്യ ഇറാനെ പരസ്യമായി പിന്തുണയ്ക്കണമോ അതോ വിഷയത്തില്‍ സമതുലിതമായ നിലപാട് സ്വീകരിക്കണമോയെന്ന ചര്‍ച്ചയാണ് പ്രധാനമായും നടക്കുന്നത്.
ഖംനേയിയുടെ അന്തിമ ചടങ്ങുകളിൽ  ഇന്ത്യയിൽ നിന്ന് നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.  
ജൂലൈ 3-ന് ആദ്യം അന്ത്യാഞ്ജലി അർപ്പിച്ച സംഘത്തിൽ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്, എം പി പവൻ ഖേര, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി ഡി പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി, ജമ്മു-കശ്മീർ അൻജുമൻ-എ-ഷരീ-ഷിയാൻ പ്രസിഡന്റായ ആഗാ സയ്യിദ് ഹസൻ മൊസാവി അൽ സഫവി എന്നിവർ ഉൾപ്പെടുന്നു.
ജൂലൈ 4-ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ സയ്യിദ് ആതാ ഹസ്‌നൈനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യാ സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും വേണ്ടി ആദരാഞ്ജലി അർപ്പിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഔപചാരികമായി ക്ഷണിച്ചിരുന്നു.
ഖംനേയിയുടെ പ്രധാന ശവഘോഷയാത്ര ജൂലൈ 6-ന് നടക്കും. നിലവിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം തെഹ്റാനിലെ ഇമാം ഖൊമൈനി ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ജൂലൈ 7-ന് വിശുദ്ധ നഗരമായ ഖോമിൽ അനുസ്മരണച്ചടങ്ങുകൾ നടക്കും. തുടർന്ന് ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷ്ഹദിൽ സംസ്കാരം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.