പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പരമോന്നത നേതാവ് മൊജ്തബ ഖംനേയി ഇല്ല; അഭ്യൂഹങ്ങള്‍ ശക്തം

പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പരമോന്നത നേതാവ് മൊജ്തബ ഖംനേയി ഇല്ല; അഭ്യൂഹങ്ങള്‍ ശക്തം


തെഹ്‌റാന്‍: അന്തരിച്ച മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖംനേയ് പങ്കെടുക്കാതിരുന്നത് ഇറാനില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. രാജ്യത്തെ രാഷ്ട്രീയ, മത, സൈനിക നേതൃത്വമടക്കം ലക്ഷക്കണക്കിന് ആളുകള്‍ അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയെങ്കിലും മൊജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായി.

സംസ്‌കാര പ്രാര്‍ഥനകള്‍ക്ക് അലി ഖംനേയിയുടെ മറ്റു മൂന്ന് പുത്രന്മാരായ മസൂദ്, മെയ്സം, മൊസ്തഫ എന്നിവരാണ് നേതൃത്വം നല്‍കിയത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, സൈനിക മേധാവികള്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മൊജ്തബ ഖംനേയ് ചടങ്ങില്‍ പ്രത്യക്ഷപ്പെടുമോയെന്ന കാര്യം അവസാന നിമിഷംവരെ അനിശ്ചിതത്വത്തിലായിരുന്നു.

അലി ഖംനേയിയുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷം പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബയുടെ അസാന്നിധ്യം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. തെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ലയില്‍ ഞായറാഴ്ച നടന്ന പ്രാര്‍ഥനാസമ്മേളനം സമീപകാല യുദ്ധത്തിനുശേഷം ഇറാന്‍ നേതൃത്വത്തിന്റെ ആദ്യത്തെ പ്രധാന പൊതുപരിപാടിയായിരുന്നു.

പ്രാര്‍ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ മൊജ്തബ ഖംനേയ് നേരിട്ട് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും ചടങ്ങില്‍ പങ്കെടുത്ത ഒരു സ്ത്രീയെ ഉദ്ധരിച്ച് തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിനുശേഷം ഇറാനിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും പൊതുവേദികളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മൊജ്തബ ഖംനേയ് ഇതുവരെ പൊതുജനങ്ങള്‍ക്കു മുന്നിലെത്തിയിട്ടില്ല. മുഖത്തും കാലുകളിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ അദ്ദേഹം ചികിത്സയിലും നിരീക്ഷണത്തിലുമാണെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊജ്തബ ഖംനേയിയെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയാണെന്നും വാര്‍ത്താ അവതാരകര്‍ വായിക്കുന്ന പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പിതാവിന്റെ സംസ്‌കാര പ്രാര്‍ഥനകള്‍ക്ക് മൊജ്തബ ഖംനേയ് നേരിട്ട് നേതൃത്വം നല്‍കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇറാനിയന്‍ പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ശത്രുരാജ്യങ്ങള്‍ക്ക് അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാനം കണ്ടെത്താന്‍ സഹായിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം അതിനെ എതിര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, മൊജ്തബ ഖംനേയിയുടെ അസാന്നിധ്യത്തിന് ഇറാന്‍ ഔദ്യോഗികമായി വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. അതിനാല്‍ ഇതുസംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അവയ്ക്ക് സ്വതന്ത്ര സ്ഥിരീകരണമില്ല.