പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. വൈദ്യപരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് പീഡനം നടന്നിട്ടില്ലെന്നത് വ്യക്തമായത്. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. കളവ് പറയാന്‍ കാരണം പ്രണയനൈരാശ്യമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പൊലീസ് കേസെടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി മാറ്റുകയും സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹപാഠികള്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ പൊലീസ് വിട്ടയച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നു. സ്കൂളിന് സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമായിരുന്നു പീഡനമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സമയം കസ്റ്റഡിയിൽ എടുത്തവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
അതേസമയം, കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് യുവാവും കുടുംബവും രംഗത്തെത്തി. രണ്ട് വർഷം മുമ്പ് ബൈപ്പാസ് സർജറിക്ക് വിധേയനായ യുവാവിനാണ് മർദ്ദനമേറ്റത്. പരാതിക്ക് പിന്നാലെ ജൂലൈ മൂന്നിന് രാവിലെ മുതൽ കസ്റ്റഡിയിലെടുത്ത 20 കാരനെ ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. അതിനിടെ പോലീസ് ക്വാർട്ടേഴ്സിലെത്തിച്ച ഇയാളെ മുട്ടുകുത്തിയിരുത്തിയതായും ബൂട്ടിട്ട് കാലിൽ ചവിട്ടിയരച്ചതായും കാലിൽ ചൂരൽകൊണ്ട് തുടരെ അടിച്ചെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് യുവാവും ബന്ധുക്കളും പറഞ്ഞു. യുവാവിന്റെ സഹോദരനെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
വ്യക്തിവിരോധമാണോ വ്യാജപരാതിക്കിടയാക്കിയതെന്ന കാര്യത്തില്‍ പോലീസ് അന്വേഷിക്കും. കുടുംബത്തില്‍ നിന്നുള്ള സംരക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് സംശയിക്കുന്നത്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കുമെന്നും പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ വഴി ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
കാരണം പ്രണയ നൈരാശ്യം? 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം, ബൈപ്പാസ് സർജറി കാര്യം പറഞ്ഞിട്ടും പോലീസ് മർദ്ദിച്ചെന്ന് കസ്റ്റഡിയിലെടുത്ത യുവാവ്
