കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി; കൊലക്കേസ് പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി; കൊലക്കേസ് പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ


കൊല്ലം: നാൽപ്പത് വർഷം മുൻപ് സഹോദരീഭർത്താവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ട് പുതിയ പേരിൽ കുടുംബമായി ജീവിച്ചുപോന്ന പ്രതിയെ പൂയപ്പള്ളി പോലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ വേലായുധൻ പിള്ളയുടെ മകൻ മോഹനൻ പിള്ളയാണ് (64) പതിറ്റാണ്ടുകൾക്ക് ശേഷം നിയമത്തിന് മുന്നിൽ കുടുങ്ങിയത്. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ഈ അപ്രതീക്ഷിത അറസ്റ്റ്.

1987 ജനുവരി 11-ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ചന്ദ്രശേഖരൻ പിള്ള മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കം ദുരന്തത്തിൽ കലാശിച്ചു. തർക്കത്തിനിടയിൽ പ്രകോപിതനായ മോഹനൻ പിള്ള വെട്ടുകത്തികൊണ്ട് ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്നുതവണ വെട്ടി. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ നാട്ടിൽ നിന്നും മുങ്ങിയത്. കൃത്യം നടക്കുമ്പോൾ പ്രതിക്ക് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.

കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആദ്യം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് അവിടെനിന്ന് കോട്ടയം കല്ലറയിലെത്തി. അവിടെവെച്ച് ഇയാൾ 'കേശവന്റെ മകൻ രാജൻ' എന്ന വ്യാജ പേര് സ്വീകരിച്ചു. തുടർന്ന് കല്ലറ കാലയിൽ വീട്ടിലെ സ്ത്രീയെ വിവാഹം കഴിക്കുകയും ആർക്കും സംശയം തോന്നാത്ത രീതിയിൽ പുതിയൊരു കുടുംബമായി താമസിക്കുകയുമായിരുന്നു. ഇയാൾക്ക് നിലവിൽ 35-ഉം 37-ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്. അച്ഛന്റെ ഭൂതകാലത്തെക്കുറിച്ച് ഈ കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

വർഷങ്ങളായി പോലീസ് ഫയലുകളിൽ പിടിക്കിട്ടാപ്പുള്ളിയായി കിടന്നിരുന്ന കേസിൽ വിചിത്രമായ ചില സംഭവങ്ങളാണ് വഴിത്തിരിവായത്. അടുത്തിടെ അസുഖം ബാധിച്ചതിനെ തുടർന്ന് പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ച് യാദൃച്ഛികമായി വെളിയം സ്വദേശിയായ ഒരാളെ കാണാനിടയായ പ്രതി, ഭയം മറന്ന് നാട്ടിലെ ചില വിവരങ്ങൾ ഇയാളോട് തിരക്കി. ഈ വിവരം രഹസ്യവിവരമായി പൂയപ്പള്ളി പോലീസിന്റെ ചെവിയിലുമെത്തി.

പോലീസ് നടത്തിയ അന്വേഷണത്തിൽ നിലവിൽ താമസിക്കുന്ന വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ പ്രതി ജോലി ചെയ്തുവരികയായിരുന്നെന്ന് കണ്ടെത്തി. അതിനിടെ, കഴിഞ്ഞ ദിവസം മദ്യലഹരിയിൽ അവിടെവെച്ച് മറ്റുള്ളവരുമായി വഴക്കുണ്ടാക്കി. തർക്കത്തിനിടയിൽ "കേസൊന്നും തനിക്ക് പുത്തരിയല്ല" എന്ന് ഇയാൾ അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു. പോലീസിന്റെ നിർദ്ദേശപ്രകാരം പ്രതിയെ നിരീക്ഷിച്ചുവന്ന ഒരു വ്യക്തി ഈ വിവരം ഉടൻ തന്നെ രഹസ്യമായി പൂയപ്പള്ളി പോലീസിനെ അറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

40 വർഷത്തോളമായി 'രാജൻ' എന്ന പേരിൽ ജീവിക്കുന്നതിനാലും പ്രായം മൂലമുണ്ടായ രൂപമാറ്റം കാരണവും ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയുക അസാധ്യമായിരുന്നു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പ്രതിക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ താൻ വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തി ഒളിവിൽ പോയ മോഹനൻ പിള്ള തന്നെയെന്ന് ഇയാൾ സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ സഹോദരി സരസമ്മയും മറ്റ് ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.