ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ്

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ്


ന്യൂഡല്‍ഹി: യു എസ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിനും ചെയര്‍മാന്‍ ഗൗതം അദാനിക്കും സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി)യുടെ ക്ലീന്‍ ചിറ്റ്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. എന്നാല്‍, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒരു നിയമലംഘനവും കണ്ടെത്തിയിട്ടില്ലെന്നും സെബി അംഗം കമലേഷ് ചന്ദ്ര വാര്‍ഷ്‌ണേയയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി വിശദീകരിക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിക്കും. 

2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍ ക്രമക്കേട് നടത്തിയെന്നും ഓഹരി പെരുപ്പിച്ച് കാട്ടി വന്‍ ലാഭം കൊയ്തുവെന്നുമുള്ള റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനായി അഡികോര്‍പ് എന്റര്‍പ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രെയ്ഡ് ലിങ്ക്‌സ്, റെഹ്‌വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുവഴി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ആരോപണമുന്നയിക്കുന്ന കാലത്ത് ഈ ഇടപാടുകള്‍ അനുബന്ധകക്ഷി ഇടപാടായി പരിഗണിച്ചിരുന്നില്ലെന്ന് സെബിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2021ലെ ഭേദഗതിക്കു ശേഷമാണ് അനുബന്ധ കക്ഷി ഇടപാടുകള്‍ക്ക് വിപുലമായ നിര്‍വചനമുണ്ടാക്കിയതെന്നും സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്‍ഡന്‍ബെര്‍ഗ് ക്രമക്കേട് ഉന്നയിച്ച വായ്പകളെല്ലാം പലിശ സഹിതം തിരിച്ചടച്ചവയാണ്. ഒരു ഫണ്ടും വകമാറ്റിയിട്ടില്ല. വ്യാപാര ഇടപാടുകളില്‍ തട്ടിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നടപടികളില്‍ നിന്നും അദാനിയെ ഒഴിവാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓഹരികളില്‍ അദാനി കൃത്രിമം കാട്ടുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്‌തെന്നതടക്കം ആരോപണങ്ങളുന്നയിച്ചിരുന്നു ഹിന്‍ഡന്‍ബര്‍ഗ്. ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദമുയര്‍ത്തിയ വെളിപ്പെടുത്തലിനു പിന്നാലെ 70 ശതമാനത്തോളം ഇടിവാണ് അദാനി ഗ്രൂപ്പിന് വിവിധ ഓഹരികളിലുണ്ടായത്. 150 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടവും നേരിട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. വിവാദ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പിന്നീട് അടച്ചുപൂട്ടി.