ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ യു എസ് ഏര്‍പ്പെടുത്തിയ അധിക തീരുവ നവംബര്‍ 30ന് ശേഷം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനാഗേശ്വരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.
നിലവില്‍ 50 ശതമാനമാണ് യു എസ് ചുമത്തിയ തീരുവ. കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും നവംബര്‍ 30നുശേഷം പിഴത്തീരുവയുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നും പകരം തീരുവ 10- 15 ശതമാനത്തിലേക്കു കുറച്ചേക്കുമെന്നും അനന്തനാഗേശ്വരന്‍ പറഞ്ഞു.
വ്യാപാര സംഘര്‍ഷങ്ങള്‍ പത്ത് ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെട്ടേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ വാണിജ്യ മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അനന്തനാഗേശ്വരന്റെ പ്രസ്താവന.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നെന്ന പേരില്‍ ഇന്ത്യയ്ക്കെതിരെ ഓഗസ്റ്റ് 27നാണ് 25 ശതമാനം അധിക തീരുവ യു എസ് ചുമത്തിയത്. വ്യാപാര ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം യു എസ് സംഘം ഇന്ത്യയിലെത്തിയിരുന്നു.