എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കിയില്ല; 82കാരി വീണു പരിക്കേറ്റെന്ന് പരാതി

എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കിയില്ല; 82കാരി വീണു പരിക്കേറ്റെന്ന് പരാതി


ന്യൂഡല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ ചെയര്‍ നല്‍കാതിരുന്നതിനാല്‍ നടക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്ക് വീണ് പരിക്കേറ്റുവെന്ന് എയര്‍ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ വീല്‍ ചെയര്‍ നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. 

82 വയസ്സുകാരിയായ പ്രസിച്ച രാജിനാണ് പരിക്കേറ്റത്. മാര്‍ച്ച് 4ന് ഡല്‍ഹിയില്‍ കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 

നടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പ്രസിച്ച രാജ്.  ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കിയില്ലെന്നും കൃത്യമായ ചികിത്സ ലഭിച്ചത് ബംഗളൂരുവില്‍ എത്തിയതിന് ശേഷം മാത്രമാണെന്നും കൊച്ചുമകള്‍ പാറുള്‍ കന്‍വര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് യുവതി പരുക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങള്‍ അടങ്ങിയ കുറിപ്പ് എക്‌സില്‍ പങ്കുവച്ചത്. യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. യുവതി ഡി ജി സി എയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.