വാരണാസി വിമാനത്താവളത്തിൽ തോക്ക് അബദ്ധത്തിൽ വെടിയുതിര്‍ന്നു; രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്

വാരണാസി വിമാനത്താവളത്തിൽ തോക്ക് അബദ്ധത്തിൽ വെടിയുതിര്‍ന്നു; രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്


വാരണാസി:  എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽനിന്ന് അബദ്ധത്തിൽ  വെടിയുതിര്‍ന്നതിനെ തുടർന്ന് വിമാനത്താവളത്തിലെ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്. വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

മുംബൈയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX-1810ൽ യാത്ര ചെയ്യാനെത്തിയ അസംഗഢ് സ്വദേശി കമലേഷ് റായിയുടെ തോക്കിൽനിന്നാണ് വെടിയുതിർത്തത്. ഭാര്യയ്‌ക്കൊപ്പമായിരുന്നു യാത്ര. ലൈസൻസുള്ള തോക്ക് കൈവശമുണ്ടെന്ന വിവരം വിമാനത്താവള അധികൃതരെ റായ് നേരത്തെ അറിയിച്ചിരുന്നു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി തോക്കും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടെയാണ് തോക്കിൽനിന്ന് അബദ്ധത്തിൽ ഒരു റൗണ്ട് വെടിയുതിർത്തത്. വെടിയേറ്റ് എഎഐസിഎൽഎഎസിലെ (AAICLAS) വനിതാ സ്‌ക്രീനറുടെ കാലിനും സമീപത്തുണ്ടായിരുന്ന പുരുഷ ജീവനക്കാരന്റെ കൈയ്ക്കും പരുക്കേറ്റു.

ഇരുവരെയും ഉടൻ ന്യൂ ലക്ഷ്മി ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത അറിയിച്ചു.

സംഭവത്തെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഗോമതി സോൺ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നീതു കാദിയാനും പിന്ദ്ര എസിപിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തോക്ക് പരിശോധനയ്ക്കിടെ എങ്ങനെയാണ് വെടിയുതിർത്തതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായോ, തോക്ക് കൈകാര്യം ചെയ്തതിൽ അശ്രദ്ധ സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.