ചിറ്റോർഗഢ്: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്നാണ് ഷായുടെ ആരോപണം. രാജ്യത്തെ 140 കോടി ജനങ്ങളും ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും ചെയ്ത 'പാപം' ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റോർഗഢിൽ 'അടൽ ഗൗരവ് സ്മൃതി സമാരോഹ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ.
''കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുമ്പോൾ അത് നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടു. ഈ രാജ്യത്തെ 140 കോടി ജനങ്ങളും നിങ്ങളെ കാണുന്നുണ്ട്. വന്ദേമാതരം പാതിവഴിയിൽ നിർത്താൻ എങ്ങനെ ആർക്കെങ്കിലും ചിന്തിക്കാനാകുമോ?'' ഷാ ചോദിച്ചു.
വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചട്ടോപാധ്യായയോടും രാജ്യത്തെ ജനങ്ങളോടും കോൺഗ്രസ് മാപ്പുപറയണമെന്നും ഷാ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് പേർ ലാത്തിയടിയും വെടിയുണ്ടകളും ജയിലും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, ഷായുടെ ആരോപണം കോൺഗ്രസ് തള്ളി. വന്ദേമാതരം നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയിലെ ആലാപനത്തിനുള്ള ക്രമീകരണങ്ങൾ ശരിയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.
കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങളിൽ മുതിർന്ന നേതാക്കൾ വന്ദേമാതരം ആലപിക്കുന്നതിനിടെ പരസ്പരം സംസാരിക്കുന്നതായി കാണപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിനെ ബിജെപി നേതാക്കൾ ദേശീയഗാനത്തോടുള്ള അനാദരവായി വിശേഷിപ്പിച്ചു. ബിജെപി നേതാവ് അമിത് മാളവ്യയും സോണിയ ഗാന്ധിക്കെതിരെ രംഗത്തെത്തി. വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങൾ ആലപിച്ചതിന് പിന്നാലെ ഗാനാലാപനം അവസാനിപ്പിക്കാൻ സോണിയ ആവശ്യപ്പെട്ടെന്നാണ് മാളവ്യയുടെ ആരോപണം.
വന്ദേമാതരം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് മറന്നെന്നും ഷാ ആരോപിച്ചു.
പരിപാടിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 21 അടി ഉയരമുള്ള പ്രതിമയും ഷാ അനാച്ഛാദനം ചെയ്തു. പൊഖ്രാൻ ആണവപരീക്ഷണങ്ങളടക്കം വാജ്‌പേയി സർക്കാരിന്റെ പ്രധാന തീരുമാനങ്ങളും അദ്ദേഹം അനുസ്മരിച്ചു.
'ഈ പാപം രാജ്യം ഒരിക്കലും പൊറുക്കില്ല'; വന്ദേമാതരം വിവാദത്തിൽ സോണിയയ്‌ക്കെതിരെ അമിത് ഷാ
