ഇന്ധനച്ചെലവും വ്യോമപാത നിയന്ത്രണവും; നിരവധി അന്താരാഷ്ട്ര സർവീസുകൾ കുറച്ച് എയർ ഇന്ത്യ

ഇന്ധനച്ചെലവും വ്യോമപാത നിയന്ത്രണവും; നിരവധി അന്താരാഷ്ട്ര സർവീസുകൾ കുറച്ച് എയർ ഇന്ത്യ


ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന ഇന്ധനവില കുത്തനെ ഉയർന്നതും ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും കണക്കിലെടുത്ത് എയർ ഇന്ത്യ നിരവധി അന്താരാഷ്ട്ര സർവീസുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ചില റൂട്ടുകളിലെ സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയും പല സർവീസുകളുടെയും എണ്ണം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കുറയ്ക്കുകയും ചെയ്തു.

ഡൽഹി-ഷിക്കാഗോ, മുംബൈ-ന്യൂയോർക്ക് (JFK), ഡൽഹി-ഷാങ്ഹായി, ചെന്നൈ-സിംഗപ്പൂർ, മുംബൈ-ധാക്ക, ഡൽഹി-മാലി സർവീസുകളാണ് ഓഗസ്റ്റ് വരെ പൂർണമായും നിർത്തിവെച്ചിരിക്കുന്നത്.

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലും വലിയ തോതിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ഡൽഹി-സാൻ ഫ്രാൻസിസ്‌കോ സർവീസ് ആഴ്ചയിൽ പത്തിൽനിന്ന് ഏഴാക്കി. ഡൽഹി-ടൊറന്റോ സർവീസുകൾ ജൂലൈയിൽ പത്തിൽനിന്ന് അഞ്ചാക്കി കുറയ്ക്കും. ഓഗസ്റ്റുമുതൽ വീണ്ടും പ്രതിദിന സർവീസ് പുനരാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഡൽഹി-വാൻകൂവർ സർവീസുകൾ ഏഴിൽനിന്ന് അഞ്ചാക്കി ചുരുക്കിയപ്പോൾ, മുംബൈ-നെവാർക്ക് സർവീസ് പ്രതിവാരം മൂന്നിൽനിന്ന് പ്രതിദിന സർവീസായി വർധിപ്പിച്ചു. അതേസമയം, ഡൽഹി-നെവാർക്ക് സർവീസ് താത്കാലികമായി റദ്ദാക്കി.

യൂറോപ്യൻ റൂട്ടുകളിലും സർവീസ് കുറവ് ബാധകമാണ്. ഡൽഹി-പാരീസ് സർവീസുകൾ 14ൽനിന്ന് ഏഴാക്കി. കോപ്പൻഹേഗൻ, മിലാൻ, വിയന്ന, സൂറിച്ച്, റോം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കുറച്ചു.

ഓസ്‌ട്രേലിയയിലേക്കുള്ള ഡൽഹി-മെൽബൺ, ഡൽഹി-സിഡ്‌നി സർവീസുകൾ ആഴ്ചയിൽ ഏഴിൽനിന്ന് നാലാക്കി ചുരുക്കി.

ഏഷ്യൻ റൂട്ടുകളിൽ ഡൽഹി-സിംഗപ്പൂർ സർവീസുകൾ 24ൽനിന്ന് 14 ആക്കി. മുംബൈ-സിംഗപ്പൂർ സർവീസുകൾ 14ൽനിന്ന് ഏഴാക്കി കുറച്ചു. ചെന്നൈ-സിംഗപ്പൂർ സർവീസ് ഓഗസ്റ്റ് വരെ പൂർണമായും നിർത്തിവെച്ചു.

ബാങ്കോക്ക്, ക്വാലാലംപൂർ, ഹോചിമിൻ സിറ്റി, ഹാനോയ്, കാഠ്മണ്ഡു, ധാക്ക, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലും വിവിധ തോതിൽ കുറവ് വരുത്തിയിട്ടുണ്ട്.

യാത്രക്കാരെ ബാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുമെന്നും പുനഃക്രമീകരണ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ആഗോള സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതനുസരിച്ച് സർവീസുകൾ പുനഃപരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.