ഗുരുഗ്രാം: എയര്‍ ഇന്ത്യ 2025ല്‍ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു. ബോസ്റ്റണ്‍, ഡാളസ്, ഡബ്ലിന്‍, ലോസ് ഏഞ്ചല്‍സ്, മനില, ജക്കാര്‍ത്ത എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.
വിമാന ലഭ്യതയെ അടിസ്ഥാനമാക്കി 2025ല്‍ ആഗോള ശൃംഖല വിപുലീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ മനില, ജക്കാര്‍ത്ത, ഡാളസ്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്കാണ് ആദ്യം സര്‍വീസ് തുടങ്ങുക.
തെക്കുകിഴക്കന്‍ ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളായ മനിലയിലേക്കും ജക്കാര്‍ത്തയിലേക്കും 2025-ന്റെ തുടക്കത്തില്‍ തന്നെ സര്‍വീസ് ആരംഭിക്കും. ഡാളസ്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസിന് വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന സന്ദേഹവുമുണ്ട്.
അടുത്തിടെ ബോയിംഗ് വിമാന നിര്‍മ്മാണത്തിലുണ്ടായ സമരങ്ങളാണ് എയര്‍ ഇന്ത്യയുടെ വിപുലീകരണ സമയക്രമത്തെ ബാധിച്ചത്. ഇതേതുടര്‍ന്നാണ് 2025 ലെ നെറ്റ്വര്‍ക്ക് വളര്‍ച്ചാ തന്ത്രം പരിഷ്‌ക്കരിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
2022-ല്‍ ടാറ്റ ഗ്രൂപ്പ് മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
ഗുരുഗ്രാം ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ ഇന്ത്യയില്‍ മൂന്ന് ഹബ്ബുകള്‍ കൂടി ആസൂത്രണം ചെയ്യുന്നുണ്ട്. ഡല്‍ഹി ഹബ് 2025ല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം മുംബൈ, ബെംഗളൂരു ഹബ്ബുകളും വികസിപ്പിക്കും.
ബെംഗളൂരുവില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മെല്‍ബണിലേക്കും എയര്‍ ഇന്ത്യ പുതിയ വിമാനങ്ങള്‍ ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതവരുത്തിയിട്ടില്ല.
എയര്‍ ഇന്ത്യയുടെ നിലവിലുള്ള സാഹചര്യം വിലയിരുത്തുമ്പോള്‍ എയര്‍ലൈന്‍സിന് ഡല്‍ഹിയില്‍ നിന്ന് ഡാളസ്, ലോസ് ഏഞ്ചല്‍സ്, മനില, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്ക് നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ മുംബൈയില്‍ നിന്ന് മനില, ജക്കാര്‍ത്ത വിമാനങ്ങളും പ്ലാന്‍ ചെയ്യാനാകും.
ഈ റൂട്ടുകളിലേക്ക് നിലവില്‍ സര്‍വീസ് നടത്താത്തതും എയര്‍ലൈനിന്റെ കുത്തക റൂട്ടുകളാകാനും സാധ്യതയുണ്ട്. പല വെല്ലുവിളികളും കാരണം നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ വാഗ്ദാനം ചെയ്യാന്‍ ചില വിദേശ എയര്‍ലൈനുകള്‍ മടിക്കുന്നതിനാല്‍ മിക്ക ദീര്‍ഘദൂര റൂട്ടുകളിലും എയര്‍ ഇന്ത്യ ഇതിനകം കുത്തകാവകാശം നേടിയിട്ടുണ്ട്. റഷ്യന്‍ വ്യോമാതിര്‍ത്തി അടച്ചതാണ് പാശ്ചാത്യ വിമാനക്കമ്പനികള്‍ക്കു മുമ്പിലെ പ്രതിസന്ധി.