അഹമ്മദാബാദ്: ഗുജറാത്തിനെ 'ഡ്രൈ' സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മദ്യപാനം നിര്‍ബാധം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ പ്രധാന ആശങ്കകളിലൊന്നാണ് മദ്യപാനവും അതേതുടര്‍ന്നുണ്ടാകുന്ന കരള്‍ രോഗങ്ങളും. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കരള്‍ രോഗത്തില്‍ പകുതിയും സംഭാവന ചെയ്യുന്നത് മദ്യപാനമാണെന്നാണ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള 150-ലധികം കരള്‍ വിദഗ്ധര്‍ അഹമ്മദാബാദില്‍ നടന്ന ഹെപ്പറ്റോളജി കോണ്‍ഫറന്‍സിലാണ് ആശങ്കാജനകമായ വെളിപ്പെടുത്തല്‍ നടത്തിയത്. കരള്‍ സംബന്ധമായ രോഗങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അവിടെ ഒത്തുകൂടിയത്.
ഫാറ്റി ലിവര്‍ രോഗ കേസുകളുടെ ആശങ്കാജനകമായ വര്‍ധനവ് സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ എടുത്തുകാണിച്ചു. ഇപ്പോള്‍ 40 വയസ്സ് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.
ഡോ. പാഥിക് പരീഖിന്റെ അഭിപ്രായത്തില്‍ കരള്‍ തകരാറുകള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങളുടെ മൂലകാരണം പൊണ്ണത്തടിയാണ്. മുമ്പ് 50 വയസ്സിനു മുകളിലുള്ളവരിലാണ് കരള്‍ രോഗം കൂടുതലായി കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത്തെ മാറ്റം 40 വയസ്സുള്ളവരില്‍ കൂടുതല്‍ രോഗനിര്‍ണയം നടക്കുന്നുവെന്നതാണ്.
നിലവില്‍ ഏകദേശം 50 ശതമാനം വ്യക്തികള്‍ക്കും ഒരു പരിധിവരെ ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോ. പരീഖ് കൂട്ടിച്ചേര്‍ത്തു. മദ്യപാനം ഒരു പ്രധാന ഘടകമാണെന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളില്‍ പകുതിയോളം പേര്‍ അമിതമായി മദ്യപിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരിമ്പിന്‍ ജ്യൂസ് അല്ലെങ്കില്‍ വൃത്തിഹീനമായ ഉറവിടങ്ങളില്‍ നിന്നുള്ള ഐസ് പോലുള്ള വേനല്‍ക്കാല പാനീയങ്ങള്‍ ഹെപ്പറ്റൈറ്റിസിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് കരളിനെ കൂടുതല്‍ തകരാറിലാക്കും.
കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുകയും ഹെപ്പറ്റൈറ്റിസിനെതിരെ സമയബന്ധിതമായ വാക്‌സിനേഷന്‍ എടുക്കുകയും ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ശരിയായ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടാതെ ആന്റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ ഹെല്‍ത്ത് ടോണിക്‌സ് പോലുള്ള ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍ എന്നിവ ഒഴിവാക്കുകയും വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.