ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പൗരന്‍ എയ്താന്‍ ഗില്‍ബോവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെല്‍ജിയം ആസ്ഥാനമായുള്ള ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ എഫ്) ഇന്ത്യയിലെ പൊലീസ്, ആഭ്യന്തര മന്ത്രാലയം, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവയ്ക്ക് അടിയന്തര പരാതി നല്‍കി. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
ഗാസയിലെ യുദ്ധക്കുറ്റക്കേസുകളില്‍ നിയമനടപടികള്‍ തേടുന്ന അന്വേഷണ സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്‍. ഇസ്രായേല്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി പാലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ സ്മരണാര്‍ഥമാണ് സംഘടനയ്ക്ക് ഈ പേര് നല്‍കിയത്.
ഇസ്രായേല്‍ സൈന്യത്തിലെ റിസര്‍വ് സേനാംഗമായ എയ്താന്‍ ഗില്‍ബോവ ഗാസയിലെ മുഴുവന്‍ പാര്‍പ്പിട സമുച്ചയങ്ങളും പ്രതികാര നടപടിയുടെ ഭാഗമായി തകര്‍ക്കുന്നതില്‍ നേരിട്ട് പങ്കെടുത്തതും അത് ആഘോഷിച്ചതുമാണെന്ന് തെളിയിക്കുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ജനീവ കണ്‍വെന്‍ഷന്‍സ് ആക്ട് 1960 പ്രകാരം യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും സംഘടന ആരോപിച്ചു.
ജനീവ കണ്‍വെന്‍ഷനുകളുടെ ഭാഗമായ ഇന്ത്യയ്ക്ക്, ഗുരുതര ലംഘനങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ ദേശീയത പരിഗണിക്കാതെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.
ഗില്‍ബോവ നിലവില്‍ ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ കഴിയുകയാണെന്നാണ് സംഘടനയുടെ അവകാശവാദം.
എയ്താന്‍ ഗില്‍ബോവ ഒരു വിനോദസഞ്ചാരിയല്ലെന്നും ഗാസയിലെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് ഇന്ത്യയുടെ ആതിഥ്യം ആസ്വദിക്കുന്ന യുദ്ധക്കുറ്റാരോപിതനാണെന്ന് ഫൗണ്ടേഷന്റെ ജനറല്‍ ഡയറക്ടറായ ഡിയാബ് അബു ജഹ്ജാന്‍ പറഞ്ഞു.
ഗാസയിലെ മുഴുവന്‍ പാര്‍പ്പിട മേഖലകളും സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗില്‍ബോവ തന്നെ പൊതുവേദികളില്‍ പങ്കുവെച്ചിട്ടുണ്ടെന്നും വീണുപോയ ഇസ്രായേല്‍ സൈനികര്‍ക്കുള്ള പ്രതികാര നടപടിയായാണ് അവയെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഫൗണ്ടേഷന്റെ പ്രസ്താവന പ്രകാരം ഇസ്രായേല്‍ അധിനിവേശ കാലത്ത് ഗാസയില്‍ ജനിച്ച ഗില്‍ബോവയും കുടുംബവും ഇസ്രായേല്‍ പിന്മാറിയതിന് ശേഷം പ്രദേശം വിട്ടിരുന്നു. എന്നാല്‍ 2023 ഒക്ടോബറിന് ശേഷം അദ്ദേഹം ഇസ്രായേല്‍ സൈന്യത്തോടൊപ്പം വീണ്ടും ഗാസയില്‍ തിരിച്ചെത്തിയതായും സംഘടന ആരോപിക്കുന്നു.
ഗാസയില്‍ കഴിയുന്നതിനിടെ ഖാന്‍ യൂനിസിലെയും റഫയിലെയും സാധാരണ ജനങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ചിത്രീകരിക്കുകയും പിന്നീട് അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ഫൗണ്ടേഷന്റെ ആരോപണം. ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതികാര നടപടികളുടെ ഭാഗമായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഫൗണ്ടേഷന്റെ നിയമവിഭാഗം മേധാവി നടാഷ ബ്രാഖിന്റെ അഭിപ്രായത്തില്‍, പ്രതികാര ലക്ഷ്യത്തോടെ സാധാരണ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ നിയമപ്രകാരം യുദ്ധക്കുറ്റത്തിന്റെ നിര്‍വചനത്തില്‍പ്പെടുന്ന പ്രവൃത്തിയാണ്. അതിനാല്‍ ഗില്‍ബോവയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യാനുള്ള അധികാരവും ബാധ്യതയും ഇന്ത്യയ്ക്കുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ അധികൃതരോ എയ്താന്‍ ഗില്‍ബോവയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
30 രാജ്യങ്ങളിലായി 90-ലധികം ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ള ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ആഗോള നിയമനടപടി തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പുതിയ പരാതി. ബ്രസീല്‍, റൊമാനിയ, പെറു, ബെല്‍ജിയം, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നടപടിക്രമപരമായ വിജയങ്ങള്‍ സംഘടന ഇതിനകം നേടിയിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു.
