ട്രംപിനെ കൊണ്ട് വലഞ്ഞ് ബിജെപിക്കാരും: 'ഇന്ത്യയിൽ മദ്യപാനം വർധിച്ചതിന് കാരണം ട്രംപ്!, അഹല്യ ന​ഗർ റോഡിലെ കുഴപ്പങ്ങൾക്കും അദ്ദേഹം തന്നെ കാരണം'

ട്രംപിനെ കൊണ്ട് വലഞ്ഞ് ബിജെപിക്കാരും: 'ഇന്ത്യയിൽ മദ്യപാനം വർധിച്ചതിന് കാരണം ട്രംപ്!, അഹല്യ ന​ഗർ റോഡിലെ കുഴപ്പങ്ങൾക്കും അദ്ദേഹം തന്നെ കാരണം'


ഇടുക്കിയിലെ കാന്തല്ലൂർ വില്ലേജിൽ എന്തുപ്രശ്നങ്ങളുണ്ടായാലും അതിന്റെ പഴി കേട്ടിരുന്നത് ഒരു കാലത്ത് അമേരിക്കയായിരുന്നു. സാമ്രാജിത്വ നിലപാടുകൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്കും പ്രതിഷേധങ്ങൾക്കും അമേരിക്ക എപ്പോഴും കാന്തല്ലൂർ വില്ലേജിനെയായിരുന്നു പ്രതികാരത്തിനായി പിടികൂടിയിരുന്നത്. ഇതേപോലെ അമേരിക്ക കേരളത്തിലെ ഒട്ടുമിക്ക ഇടത് ഭരണക്കാരെയും അവർ തുടർച്ചയായി ഭരിച്ചിരുന്ന പ്രദേശങ്ങളെയും സാമ്രാജിത്വ പകപോക്കലുകൾക്ക് ഇരകളാക്കിയിട്ടുണ്ട്. ഇത് ചില കോമഡിക്കാരും ചാനൽ തട്ടുപൊളിക്കൽസ്കാരും എടുത്തിട്ട് ഇടത് സൈദ്ധാന്തികരെ അലക്കി തുടങ്ങിയതോടെ കേരളത്തിലെ സാമ്രാജിത്വ പകപോക്കൽസ് കുറഞ്ഞു. എന്നാലും ചിലർ ഇടയ്ക്കിടയ്ക്ക് പൊടിതട്ടിയെടുക്കാറുണ്ട്. 

പക്ഷേ ഇത്തവണ പൊടിതട്ടിയെടുത്തിരിക്കുന്നത് സാമ്രാജിത്വ വിരുദ്ധ പോരാളികളല്ല. അടുത്ത ദിവസങ്ങളിൽ വരെ മിത്രോം എന്ന് തിരിച്ച് ആരാധനയോടെ വിളിച്ചവരാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. മൈ പ്രണ്ടിനെ കാണുമ്പോൾ മാത്രം കെട്ടിപ്പിടിക്കുന്നത് കണ്ട് രോമാഞ്ച കഞ്ചുകത്തിൽ പുളകം കൊള്ളുന്നവർ. അങ്ങനെയുള്ള ബിജെപിക്കാരനാണ് ഇപ്പോൾ ട്രംപിനെ അറഞ്ചംപുറഞ്ചം കുറ്റപ്പെടുത്തി രം​ഗത്തെത്തിയിരിക്കുന്നത്. 

മഹാരാഷ്ട്ര മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകനും ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റും മുൻ എംപിയുമായ സുജയ് വിഖെ പാട്ടീലാണ് അതീവ ​ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ കാരണം ഇന്ത്യയിൽ മദ്യപാനം വർധിച്ചു. ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങളാണ് അഹില്യനഗർ-മൻമാഡ് റോഡ് നിർമ്മാണത്തിലെ കാലതാമസത്തിന് കാരണം. ഇറാനുനേരെയുള്ള ആക്രമണങ്ങൾ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചതും കാരണമായി. 

"ഈ മനുഷ്യൻ (ട്രംപ്) രാത്രിയിൽ പറയുന്നത് രാവിലെ മറ്റൊന്നായിരിക്കും, പിറ്റേദിവസം തീർത്തും വ്യത്യസ്തമായ കാര്യമായിരിക്കും പറയുന്നത്. യുദ്ധം അവസാനിച്ചെന്ന് ചിലപ്പോൾ ട്രംപ് അവകാശപ്പെടുന്നു, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മറ്റൊരു നിലപാട് സ്വീകരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകൾ ഇന്ത്യയിലെ ചിലരെയും ബാധിക്കുന്നുണ്ട്. ട്രംപിന്റെ നടപടികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം കാരണം ചിലർ മദ്യപിക്കുന്നതിന്റെ അളവ് വർധിച്ചിരിക്കുന്നു," സുജയ് വിഖെ പാട്ടീൽ കുറ്റപ്പെടുത്തി. 

ഇറാനെ ആക്രമിച്ചതിലൂടെ ക്രൂഡ് ഓയിൽ ലഭ്യത കുറഞ്ഞു. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട ഉൽപ്പാദന പ്രക്രിയകൾ പെട്രോളിയം ഉൽപ്പന്നങ്ങളെ ബാധിക്കുന്നുണ്ട്. അവയിൽ നിന്നു ലഭിക്കുന്ന ഉപോൽപ്പന്നങ്ങൾ റോഡ് നിർമ്മാണത്തിനുള്ള ബിറ്റുമിൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുമുണ്ട്. 

”തൽഫലമായി, വിതരണത്തിലും ഉൽപ്പാദനത്തിലുമുണ്ടായ തടസ്സങ്ങൾ ബിറ്റുമിന്റെ ലഭ്യത കുറച്ചിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയമാണ് ഇതിനെല്ലാം കാരണം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് അത് ബോധ്യപ്പെടും,” വിഖെ പാട്ടീൽ ആരോപിച്ചു.