ബ്രിട്ടീഷ് വൈനുകള്‍ക്ക് ഇന്ത്യയില്‍ തീരുവ ഇളവില്ല

ബ്രിട്ടീഷ് വൈനുകള്‍ക്ക് ഇന്ത്യയില്‍ തീരുവ ഇളവില്ല


ന്യൂഡല്‍ഹി: ബ്രിട്ടീഷ് വൈനുകള്‍ക്ക് ഇന്ത്യ തീരുവ ഇളവുകള്‍ നല്‍കുന്നില്ല. മാത്രമല്ല മെയ് 6ന് പ്രഖ്യാപിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) പ്രകാരം യു കെ ബിയറിന് പരിമിതമായ ഇറക്കുമതി തീരുവ ആനുകൂല്യങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുണൈറ്റഡ് കിംഗ്ഡവുമായുള്ള കരാര്‍ പ്രകാരം ഇന്ത്യ ഇറക്കുമതി തീരുവയില്‍ ഒരു കുറവും നല്‍കാത്ത മറ്റ് സെന്‍സിറ്റീവ് കാര്‍ഷിക ഉത്പന്നങ്ങളില്‍ പാല്‍ ഉത്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, ഓട്‌സ്, മൃഗ- സസ്യ എണ്ണകള്‍ എന്നിവ ഉള്‍പ്പെടുന്നു.

'വ്യാപാര കരാറിലെ മറ്റ് നിരവധി കാര്‍ഷിക ഉത്പന്നങ്ങള്‍ക്കൊപ്പം വൈനും ഒഴിവാക്കല്‍ പട്ടികയിലുണ്ട്. ബ്രിട്ടീഷ് ബിയറിന് പരിമിതമായ തീരുവ ഇളവ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മെയ് 6നാണ് ഇന്ത്യയും യു കെയും സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപിച്ചത്. ഇത് ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയും കാറുകളും ഇന്ത്യയില്‍ വില കുറഞ്ഞതാക്കുകയും വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഇറക്കുമതികളുടെ തീരുവ കുറയ്ക്കുകയും ചെയ്യും.

കരാര്‍ പ്രകാരം കരാറിന്റെ പത്താം വര്‍ഷത്തില്‍ ഇന്ത്യ യു കെ വിസ്‌കിയുടെയും ജിന്നിന്റെയും തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായും വീണ്ടും 40 ശതമാനമായും കുറയ്ക്കും.

യു കെയിലേക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കല്‍ ഇന്ത്യയെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അവരുടെ വൈനുകള്‍ക്ക് സമാനമായ തീരുവ കുറയ്ക്കുന്നതിന് സമ്മര്‍ദ്ദത്തിലാക്കുമായിരുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള എഫ് ടി എയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കരാര്‍ പ്രകാരം സ്‌കോച്ച് വിസ്‌കിക്ക് നല്‍കിയിട്ടുള്ള ഇറക്കുമതി തീരുവ കുറയ്ക്കല്‍ ആഭ്യന്തര വിപണിയെ കാര്യമായി ബാധിക്കില്ല. കാരണം 10 വര്‍ഷത്തെ കാലയളവിലാണ് ക്രമേണ കുറവ് നടപ്പിലാക്കുന്നത്. ഇറക്കുമതിയും കുറവാണ്.

2022ല്‍ ആരംഭിച്ച ചര്‍ച്ചകളുടെ സമാപനം ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എഫ് ടി എ പ്രാബല്യത്തില്‍ വരാന്‍ 15 മാസത്തിലധികമെടുക്കും. 

നിലവില്‍ ഇരുപക്ഷവും നിയമപരമായ പരിശോധന നടത്തുകയാണ്. അതിനുശേഷം കരാര്‍ പ്രാബല്യത്തിലാകും. 

ഒരുപക്ഷേ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ കരാര്‍ പരസ്യമാക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒപ്പിട്ടതിനുശേഷം എഫ് ടി എയുടെ അംഗീകാര പ്രക്രിയ അംഗീകരിക്കാന്‍ യു കെ പാര്‍ലമെന്റില്‍ ഒരു വര്‍ഷമെടുക്കും. അതിനുശേഷം മാത്രമേ കരാര്‍ നടപ്പാക്കാനാവുകയുള്ളു.