മുംബൈ: നടനും അസിസ്റ്റന്റ് ഡയറക്ടറുമായ ശരദ് കപൂറിനെതിരേ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തു. സിനിമാ സംബന്ധമായ ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന് മുപ്പത്തിരണ്ടുകാരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഖാര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
നവംബര്‍ 26നായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ശരദ് കപൂറിനെതിരേ നവംബര്‍ 27ന് പൊലീസ് ലൈംഗികാതിക്രമക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടന്റെ വീട്ടില്‍തന്നെയുള്ള ഓഫീസിലെത്തുമ്പോള്‍ മാന്യമല്ലാത്ത വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതായും തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരി മൊഴി നല്‍കി. തുടര്‍ന്ന് ശരദ് കപൂര്‍ തനിക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി ആരോപിച്ചു. ആരോപണങ്ങള്‍ക്കെതിരേ ശരദ് കപൂര്‍ പ്രതികരിച്ചിട്ടില്ല.