ധാക്ക: വിദ്യാര്‍ഥി നേതാവ് ശരീഫ് ഒസ്മാന്‍ ഹാദിയെ അവാമി ലീഗിന്റെ നിര്‍ദേശപ്രകാരം 'രാഷ്ട്രീയ പ്രതികാരത്തിന്റെ' ഭാഗമായി കൊലപ്പെടുത്തിയതാണെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇപ്പോള്‍ നിരോധിക്കപ്പെട്ട അവാമി ലീഗിന്റെയും ഛാത്ര ലീഗിന്റെയും മുന്‍കാല പ്രവര്‍ത്തനങ്ങളെതിരെ ഹാദി പൊതുയോഗങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ അഡീഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഷഫീഖുല്‍ ഇസ്ലാം പറഞ്ഞു. ഹാദിയുടെ തുറന്നുപറച്ചിലുകള്‍ ഛാത്ര ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചതായും അദ്ദേഹം പറഞ്ഞതായി ടിബിഎസ്‌ന്യൂസ് ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമാണ് ഛാത്ര ലീഗ്.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും ഹാദിയുടെ മുന്‍കാല രാഷ്ട്രീയ നിലപാടുകളും പരിഗണിച്ചപ്പോള്‍ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി തന്നെയാണ് ഹാദിയെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ധാക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഇസ്ലാം അറിയിച്ചു.
പ്രധാന പ്രതിയായ ഫൈസല്‍ കരീം മസൂദ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കുറ്റപത്രം സമര്‍പ്പിച്ചവരില്‍ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ച് പേര്‍ ഒളിവിലാണെന്നും ഇസ്ലാം പറഞ്ഞു.
ഇന്‍കിലാബ് മൊഞ്ചോയുടെ വക്താവായിരുന്ന 32 വയസ്സുകാരന്‍ ഹാദി 2024 ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ ഹസീന സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭങ്ങളില്‍ ശ്രദ്ധേയനായിരുന്നു. ഡിസംബര്‍ 12-ന് ധാക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന് തലയില്‍ വെടിയേറ്റത്.
ഫെബ്രുവരി 12-ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുമായിരുന്നു ഹാദി. ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയെങ്കിലും ഡിസംബര്‍ 18-ന് അദ്ദേഹം മരണപ്പെട്ടു.
വെടിവെപ്പ് നടത്തിയ മസൂദ് നേരിട്ട് ഛാത്ര ലീഗുമായി ബന്ധപ്പെട്ടയാളാണെന്ന് ഇസ്ലാം പറഞ്ഞു. മറ്റൊരു പ്രതിയായ തൈസുല്‍ ഇസ്ലാം ചൗധരി ബാപ്പി, കൊലപാതകത്തിന് ശേഷം മസൂദിനെയും മറ്റൊരു പ്രധാന പ്രതിയായ ആലംഗീര്‍ ഷെയ്ഖിനെയും രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ആരോപണം. ബാപ്പി പല്ലബി താന ഛാത്ര ലീഗിന്റെ പ്രസിഡന്റും അവാമി ലീഗ് നാമനിര്‍ദേശം ചെയ്ത വാര്‍ഡ് കൗണ്‍സിലറുമായിരുന്നു.
ബാപ്പിയുടെ നിര്‍ദേശപ്രകാരം തന്നെയാണ് ഹാദിയെ കൊലപ്പെടുത്തിയതെന്ന് ഇസ്ലാം പറഞ്ഞു.
നിയമവും ക്രമസമാധാനവും സംബന്ധിച്ച ഉപദേശക സമിതിയുടെ യോഗത്തിന് ശേഷം തിങ്കളാഴ്ച ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജഹാംഗീര്‍ ആലം ചൗധരി, ഹാദി കൊലപാതക കേസിലെ അന്തിമ കുറ്റപത്രം ജനുവരി 7-ന് സമര്‍പ്പിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഹാദിയുടെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട് ഇന്‍കിലാബ് മൊഞ്ചോ ധാക്കയില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് ഒരു ദിവസം മുന്‍പേ തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.
അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇസ്ലാം പറഞ്ഞു.
ഹാദിയുടെ മരണത്തിന് പിന്നാലെ ധാക്കയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. പ്രഥമ ആലോ, ഡെയിലി സ്റ്റാര്‍ എന്നീ പത്രങ്ങളുടെ ആസ്ഥാനങ്ങള്‍ക്കും ഛായാനട്ട്, ഉദിചി ശില്‍പി ഗോഷ്ഠി എന്നീ പുരോഗമന സാംസ്‌കാരിക സംഘടനകള്‍ക്കും തീയിട്ടു. മധ്യ മൈമെന്‍സിംഗില്‍ ഒരു ഹിന്ദു ഫാക്ടറി തൊഴിലാളിയെ ജനക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു.
