പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായെന്ന് കേസ്

പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായെന്ന് കേസ്


ബെംഗളൂരു: മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ ജീവനക്കാരായ രഘു, ചരിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. 24 ഫ്രെയിംസ് ഫാക്ടറിയാണ് 'കണ്ണപ്പ'യുടെ നിര്‍മാതാക്കള്‍. ഇവരുടെ എക്‌സിക്യൂട്ടിവ് പ്രൊഡൂസര്‍ റെഡ്ഡി വിജയ് കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

മുംബൈയിലെ സ്റ്റുഡിയോയില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് ഫിലിം നഗറിലുള്ള റെഡ്ഡിയുടെ ഓഫീസിലേക്ക് അയച്ചുവെന്നും ഈ കൊറിയര്‍ ഓഫീസ് ബോയ് രഘു കൈപ്പറ്റുകയും തുടര്‍ന്ന് ചരിതയ്ക്ക് കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന് റെഡ്ഡി വിജയ് കുമാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ ചിത്രമായ 'കണ്ണപ്പ' ജൂണ്‍ 27ന് തിയേറ്ററില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഷ്ണു മഞ്ചു, മോഹന്‍ലാല്‍ എന്നിവരെ കൂടാതെ അക്ഷയ് കുമാര്‍, പ്രഭാസ്, കാജള്‍ അഗര്‍വാള്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.