വി.ഡി സതീശൻ പറ്റിച്ചു; എന്നെ പൊതുവഴിയിൽ നിർത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു-പി.വി അൻവർ

വി.ഡി സതീശൻ പറ്റിച്ചു; എന്നെ പൊതുവഴിയിൽ നിർത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു-പി.വി അൻവർ


മലപ്പുറം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. നിരന്തരം അവഗണന തുടരുകയാണ്. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നൽകിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അൻവർ പറഞ്ഞു. താൻ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അൻവർ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താൻ അധികപ്രസംഗം നടത്തിയതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം വാർത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ തന്നോട് പറഞ്ഞതാണ്. പിന്നീട് ഇക്കാര്യത്തിൽ ഒരു വിവരവുമില്ല. വാർത്താക്കുറിപ്പ് ഇറക്കിയാൽ പോരെയെന്ന് ചോദിച്ചപ്പോൾ, പോരാ വാർത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശൻ അന്നു പറഞ്ഞത്.വിഡി സതീശൻ അത് ചെയ്യാത്തതല്ലേ പ്രശ്‌നം. യുഡിഎഫ് പ്രവേശനത്തിന് മുൻകൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാൽ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അൻവർ പറഞ്ഞു.

'ഇപ്പോൾ എന്നെ പൊതുവഴിയിൽ നിർത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്. ഇന്നലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതൃത്വവും എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാൻ ചെയ്തത്. സുജിത് ദാസും എംആർ അജിത് കുമാറും കൂടി മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചത് തുറന്നു പറഞ്ഞതാണോ കുറ്റം. മലയോരമേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നം എതിർത്ത് ജയിലിൽ പോയതാണോ തെറ്റ്. ജില്ലയെയാകെ ഏറ്റവും വലിയ വർഗീയ വാദികളും വിഘടന വാദികളുമായി ആർഎസ്എസുമായി ചേർന്ന് ചിത്രീകരിക്കാൻ അജിത് കുമാർ കൂട്ടുനിന്നത് സമൂഹത്തിന് മുന്നിൽ തുറന്നു പറഞ്ഞതാണോ തെറ്റ്. ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അൻവർ പറഞ്ഞു.

'നിയമസഭ സാമാജികനാകാൻ വേണ്ടിയിട്ടുള്ള വെപ്രാളമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉള്ളത് സമൂഹത്തിന് മുമ്പിലേക്ക് വലിച്ചെറിഞ്ഞവനാണ് ഞാൻ. അധികാരമോഹമുണ്ടെങ്കിൽ അവിടെ നിന്നാൽ പോരേ. ഇനി എന്താണ് തനിക്ക് നഷ്ടപ്പെടാൻ ബാക്കിയുള്ളത്. ഈ സർക്കാരിനെതിരെ പറഞ്ഞതിന് ശേഷം തനിക്കെതിരെ 28 കേസുണ്ട്. ഇപ്പറയുന്ന ആർക്കെതിരെയെങ്കിലും ഒരു കേസുണ്ടോ. ഇതെല്ലാം അനുഭവിച്ചു നിൽക്കുകയാണ്. ഞാൻ നയം വ്യക്തമാക്കിയിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. കാലു പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്നു. ഇനി കാലുപിടിക്കാനില്ല. എനിക്ക് ഒരു അധികാരവും വേണ്ട. തന്നെ സർക്കാർ കത്രിക പൂട്ടിട്ട് മുറുക്കുകയാണ്. ഭൂമിയിൽ ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉയർന്ന പീഠത്തിൽ ഇരിക്കാനാണ് മറ്റു ചിലർക്ക് ആഗ്രഹം. അതെല്ലാം ഇട്ടെറിഞ്ഞ് പോന്നവനാണ് ഞാൻ. നിലമ്പൂരിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാം. പിണറായിസം അടക്കം താൻ ജനങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു. സർക്കാരിനെതിരെ വസ്തുനിഷ്ടമായി കാര്യങ്ങളെല്ലാം ആർക്കാണ് ബോധ്യപ്പെടുത്താൻ സാധിച്ചതെന്നും' അൻവർ ചോദിച്ചു.

വനഭേദഗതി ബിൽ അടക്കം സർക്കാരിൽ നിന്നും ജനങ്ങൾക്കെതിരായ നടപടികൾ ഉയർത്തിക്കാട്ടിയാണ് താൻ രാജിവെച്ചത്. പിണറായി വിജയൻ സർക്കാരിനെ പുറത്താക്കാനാണ് രാജി വെച്ചത്. മൂന്നാം പിണറായി വിജയൻ സർക്കാരെന്ന നരേഷൻ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതു ശരിയല്ല, യുഡിഎഫാണ് വരേണ്ടതെന്ന് വോട്ടിങ്ങ് പാറ്റേണിലൂടെ ജനങ്ങളെ മനസ്സിലാക്കിക്കാനാണ് ശ്രമിച്ചത്. എന്നാൽ അതിനു പറ്റിയ സ്ഥാനാർത്ഥിയെയാണോ യുഡിഎഫ് അവതരിപ്പിച്ചത്. ഒരാൾക്കും എതിർപ്പില്ലാത്ത ഒരു സ്ഥാനാർത്ഥി വേണമെന്നാണ് ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടുപോലും ചോർന്നുപോകരുതെന്നാണ് ഉദ്ദേശിച്ചത്. ഒരു വടിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാലും തനിക്ക് പ്രശ്‌നമില്ല. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസമുണ്ട്. അതു തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു വിവാഹത്തിന് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. വ്യക്തിപരമായ വിരോധമുണ്ടെങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ. അതല്ല ഇവിടെ വിഷയമെന്നും പി വി അൻവർ പറഞ്ഞു.

'കെ സി വേണുഗോപാലിൽ പ്രതീക്ഷ'

കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ സി വേണുഗോപാലുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ മുഴുവൻ കോൺഗ്രസിന്റെയും ചുമതലയുള്ള നേതാവാണ്. അദ്ദേഹത്തിലാണ് ഇനി പ്രതീക്ഷ. എന്റെ പ്രശ്‌നങ്ങൾ കെസി വേണുഗോപാലിനോട് തുറന്നു പറയും. ലീഗ് നേതൃത്വത്തോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കെ മുരളീധരൻ പലവട്ടം വിളിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ ജയന്ത്, പ്രവീൺകുമാർ തുടങ്ങിയവർ തന്നെ വന്നു കണ്ടിരുന്നു. കെസി വേണുഗോപാലിനെ കണ്ട് പരിഹാരം ഉണ്ടാക്കാൻ കഴിയുമോയെന്ന് നോക്കുമെന്നും പിവി അൻവർ പറഞ്ഞു.

'നാണം കെട്ട ഒരു തീരുമാനത്തിനും പോകേണ്ട'

ഈ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം തന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. തൃണമൂൽ നേതൃത്വം പറഞ്ഞത് നാണം കെട്ട ഒരു തീരുമാനത്തിനും പോകേണ്ട. സ്ഥാനാർത്ഥിയാകാനാണ് നിർദേശിച്ചത്. ടിഎംകെ സ്ഥാനാർത്ഥിയെ നിർത്തിയാൽ മമത പ്രചാരണത്തിന് വരുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. 10 മന്ത്രിമാരെ വിട്ടു തരാമെന്നും, എത്ര എംപിമാരെ വേണമെങ്കിലും പ്രചാരണത്തിന് അയക്കാമെന്നും അറിയിച്ചിരുന്നു. ഇതെല്ലാം ഉള്ളപ്പോളും ലക്ഷ്യം വെച്ച സംഗതി മുന്നിൽ നിൽക്കുകയാണ്. അതിനായി നീങ്ങുകയാണ്. അപ്പോഴാണ് ഇവിടെ കോൺഗ്രസ് നേതൃത്വം ദയാവധത്തിന് വിട്ടിരിക്കുന്നത്.

കെസി വേണുഗോപാലുമായിട്ടുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നിലമ്പൂരിൽ ടിഎംസി സ്ഥാനാർത്ഥിയുണ്ടാകും. ടിഎംസി മത്സരിക്കും. പച്ചയ്ക്ക് പൊളിറ്റിക്‌സ് ചർച്ച ചെയ്യും. ജനങ്ങളുമായി സംവദിക്കും. ഞങ്ങളോട് നീതി പുലർത്തിയാൽ യുഡിഎഫുമായി സഹകരിക്കും. കെസിയിൽ പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ പാർട്ടിയുടെ വിഷയങ്ങൾ സെറ്റിൽ ചെയ്ത് കോൺഗ്രസിന് മുഖം ഉണ്ടാക്കി കൊടുത്ത നേതാവാണ് അദ്ദേഹം. നല്ല ലീഡർഷിപ്പ് ക്വാളിറ്റിയുള്ള നേതാവാണ് കെ സി വേണുഗോപാൽ. പ്രതിപക്ഷ നേതാവുമായി പൊളിറ്റിക്കൽ ബന്ധം കുറവാണ്. കൂട്ടത്തിൽ കൂട്ടാൻ പോലും പറ്റാത്ത ചൊറിയും ചിരങ്ങും പിടിച്ചവനാണോ പിവി അൻവർ എന്ന് കെസി വേണുഗോപാലിനോട് ചോദിക്കും. ഫോർവേഡ് ബ്ലോക്ക് അടക്കം മുറ്റുള്ള സ്ഥലങ്ങളിൽ അപ്പുറത്ത് നിൽക്കുന്ന പലരും യുഡിഎഫിലുണ്ടല്ലോയെന്നും അൻവർ ചോദിച്ചു.

'വിഡി സതീശനെ കുഴിയിൽ ചാടിച്ച ഒന്നുരണ്ടുപേരുണ്ട്'

അൻവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ താൻ ജനങ്ങളിലേക്ക് ഇറങ്ങും. മത്സരിക്കുമോയെന്നത് രണ്ടു ദിവസം കഴിഞ്ഞേ പറയാൻ കഴിയൂ. നാളെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവും മറ്റന്നാൾ സ്റ്റേറ്റ് കമ്മിറ്റിയും ചേരുന്നുണ്ട്. അതിനുശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. മത്സരിക്കാൻ നോമിനേഷൻ കൊടുക്കാൻ രണ്ടാം തീയതി വരെ സമയമുണ്ടല്ലോ. കെസി വേണുഗോപാലുമായുള്ള ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ സംസാരത്തിനുള്ളൂ. തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം വിഡി സതീശൻ വാർത്താസമ്മേളനം നടത്തി പറയാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ട ഘട്ടം വന്നാൽ പറയും. എന്തുകൊണ്ടാണ് ഷൗക്കത്ത് സ്ഥാനാർത്ഥിയാകരുതെന്ന് പറഞ്ഞത്, ഷൗക്കത്ത് എങ്ങനെ സ്ഥാനാർത്ഥിയായി, പ്രതിപക്ഷ നേതാവിനെ ആരാണ് പറ്റിച്ചത് എന്നെല്ലാം പറയേണ്ട ഘട്ടം വന്നാൽ വെളിപ്പെടുത്തും. പ്രതിപക്ഷ നേതാവ് പൂർണമായി കുറ്റക്കാരനാണെന്ന അഭിപ്രായമില്ല. അദ്ദേഹത്തെ കുഴിയിൽ ചാടിച്ച ഒന്നുരണ്ടുപേരുണ്ട്. അതേപ്പറ്റി സമയമാകുമ്പോൾ നിലമ്പൂരിലെ ജനങ്ങളോട് പറയുമെന്നും പിവി അൻവർ വ്യക്തമാക്കി.

മുമ്പ് കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന കാര്യവും പി വി അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കടന്നു വരവ് തടയണെന്ന അഭ്യർത്ഥന പരിഗണിച്ച് യുഡിഎഫിന് പിന്തുണ നൽകി. അവിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചാണ് യുഡിഎഫിന് പിന്തുണ നൽകിയത്. പകരം മിൻഹാജിനെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവർ ഉൾപ്പെടുത്തിയില്ല. മാന്യമായി പോലും മിൻഹാജിനോട് പെരുമാറിയില്ല. മിൻഹാജ് പിന്നീട് വിളിച്ച് വിഷമം പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാനാണ് എന്നു പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു. റിസൾട്ട് വന്നശേഷവും മിൻഹാജിനെ വിളിച്ച് കോൺഗ്രസിലെ ആരും നന്ദി പോലും പറഞ്ഞില്ല. അപമാനിതനായ മിൻഹാജ് ഏറ്റവുമൊടുവിൽ സിപിഎമ്മിൽ ചേരുകയായിരുന്നുവെന്ന് അൻവർ പറഞ്ഞു.