ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിൽ ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ 12 പ്രതികളെ കോടതി വെറുതെവിട്ടു. വാട്‌സ്ആപ് ചാറ്റ് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. കർക്കർദൂമ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് വസ്തുതകൾ തെളിയിക്കുന്ന തെളിവായി വാട്‌സ്ആപ് ചാറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയും വിശ്വസനീയമായ സാക്ഷികളുടെ അഭാവം ചൂണ്ടിക്കാട്ടിയും പ്രതികളെ വെറുതെവിട്ടത്.
ഹാഷിം അലി, സഹോദരൻ അമീർ ഖാൻ എന്നിവർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട കേസിൽ 'ഖട്ടർ ഹിന്ദു ഏക്ത' എന്ന വാട്‌സ്ആപ് ഗ്രൂപ്പിലെ ചാറ്റുകളാണ് പൊലീസ് തെളിവായി കുറ്റപത്രത്തിൽ സമർപ്പിച്ചിരുന്നത്. കലാപം നടന്ന ഫെബ്രുവരി 25ന് രൂപവത്കരിച്ച 'ഖട്ടർ ഹിന്ദു ഏക്ത' എന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ 'നിങ്ങളുടെ ഈ സഹോദരൻ രാത്രി ഒമ്പതുമണിക്ക് രണ്ട് മുസ്ലിം പുരുഷന്മാരെ കൊന്നു' എന്ന് ലോകേഷ് സോളങ്കി എന്നയാൾ കുറിച്ചിരുന്നു.
ഇയാളെ ചോദ്യം ചെയ്യുകയും തുടർന്ന് ഒമ്പതു കൊലക്കേസുകളിലെ പ്രതികളെ പിടികൂടുകയും ചെയ്തു എന്നായിരുന്നു പൊലീസ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ഗ്രൂപ്പിലെ മറ്റു അംഗങ്ങൾക്ക് മുന്നിൽ താരപരിവേഷം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാവാം ലോകേഷ് സോളങ്കി വാട്‌സ്ആപ്പിൽ അങ്ങനെ കുറിച്ചതെന്നും രണ്ട് മുസ്ലിംകളെ കൊന്നുവെന്നതിന് അത് നേരിട്ടുള്ള തെളിവാകില്ലെന്നും ജഡ്ജി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.
വാട്‌സ്ആപ് ചാറ്റ് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി; 9 പേരെ കൊലപ്പെടുത്തിയ 12 പ്രതികളെ വെറുതെ വിട്ടു
