വാഷിങ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒമ്പതാമത്തെ വിക്ഷേപണവും പരാജയം. ടെക്‌സാസിൽ നിന്ന് വിക്ഷേപണം നടത്തി 30 മിനിറ്റിനകം റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്ധനചോർച്ചയാണ് റോക്കറ്റിന്റെ വിക്ഷേപണ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മിനിറ്റുകൾക്ക് മുമ്പ് സ്‌പേസ് എക്‌സുമായുള്ള ഞങ്ങളുടെ ബന്ധം നഷ്ടമായെന്ന് കമ്പനി വക്താവ് ഡാൻ ഹൗട്ട് അറിയിച്ചു. ബഹിരാകശ യാത്ര മുതൽ ഉപഗ്രഹ വിക്ഷേപണം വരെ നടത്താൻ ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാർഷിപ്പ്.
നേരത്തെ 2025 ജനുവരിയിൽ നടന്ന ഏഴാം സ്റ്റാർഷിപ്പ് വിക്ഷേപണ പരീക്ഷണവും മാർച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും വിജയിച്ചിരുന്നില്ല. മാർച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് അഗ്‌നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 240 വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോൾ രണ്ട് ഡസനിലധികം വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.
കൂടാതെ സ്റ്റാർഷിപ്പിന്റെ അവശിഷ്ടങ്ങൾ ബഹാമാസ്, ടർക്‌സ്‌കൈകോസ് ദ്വീപുകൾക്കും മുകളിൽ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീർണതകൾ ഒഴിവാക്കാൻ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം ഇക്കുറി സ്‌പേസ് എക്‌സ് നടത്തിയത്.
സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒമ്പതാമത്തെ വിക്ഷേപണവും പരാജയം
