റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ 'സുഖോയ് സു57ഇ'യെ ആഗോള പ്രതിരോധ വിപണിയില്‍ ഒരു ശക്തനായ പോരാളിയായി മാറ്റുന്നതിനുള്ള റഷ്യയുടെ ആഗ്രഹം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇന്ത്യ, മലേഷ്യ, അള്‍ജീരിയ പോലെ അടുത്ത പങ്കാളിത്തമുള്ള രാജ്യങ്ങളുമായി വിമാനം വിപണനം ചെയ്യുന്നതിനുള്ള കരാറിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ റഷ്യ നടത്തുന്നുണ്ടെങ്കിലും കയറ്റുമതി വിജയം കാണുന്നതിലേക്കുള്ള വിമാനത്തിന്റെ യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
മലേഷ്യയില്‍ അടുത്തിടെ സമാപിച്ച ലങ്കാവി ഇന്റര്‍നാഷണല്‍ മാരിടൈം ആന്‍ഡ് എയ്‌റോസ്‌പേസ് എക്‌സിബിഷനില്‍ (ലിമ 2025) 'സുഖോയ് സു57ഇ' ശ്രദ്ധാകേന്ദ്രമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. റഷ്യയുടെ പൊതുമേഖലാ ആയുധ കയറ്റുമതിക്കാരായ റോസോബോറോണെക്‌സ്‌പോര്‍ട്ട് വിമാനം പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഒരു വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചു. എന്നാല്‍ പ്രദര്‍ശനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ 'സുഖോയ് സു57ഇ' അതിലില്ല. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (യുഎസി) പവലിയനില്‍ ഇതിന്റെ ഒരു സ്‌കെയില്‍ മോഡല്‍ മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളു. യഥാര്‍ത്ഥ 'സുഖോയ് സു57ഇ' എയര്‍ഷോയില്‍ എത്തിയില്ല.
യുദ്ധ വിമാനം പ്രദര്‍ശനത്തിന് എത്താതിരുന്നതോടെ വീണ്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു. റഷ്യയുടെ അതിനൂതനമായ യുദ്ധ വിമാനം ആഗോള വേദിയിലേക്ക് എത്താന്‍ സജ്ജമാണോ? അതോ ഇപ്പോഴും ഒരു ഉറച്ച ടേക്ക് ഓഫ് പോയിന്റ് അന്വേഷിക്കുകയാണോ?
അമേരിക്കയുടെ എഫ്22, എഫ്35 പോലുള്ള അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള റഷ്യയുടെ ഉത്തരമായ 'സുഖോയ് സു57'ന്റെ കയറ്റുമതി വകഭേദമാണ് 'സുഖോയ് സു57ഇ'. ചാരപ്രവൃത്തി, സൂപ്പര്‍മാനുവറബിലിറ്റി എന്നിവയ്ക്കായി രൂപകല്പന ചെയ്തിരിക്കുന്ന യുദ്ധവിമാനമാണിത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ആര്‍37എം പോലുള്ള ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 'സുഖോയ് സു57ഇ' പുതുതലമുറ യുദ്ധവിമാന നിര്‍മാതാക്കളുടെ എലൈറ്റ് ക്ലബ്ബില്‍ പ്രവേശിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നു.
ഏഷ്യയില്‍ നിന്നുള്ളവരെയും വടക്കെ അമേരിക്കയില്‍ നിന്നുള്ളവരെയും ആകര്‍ഷിക്കാന്‍ ഈ ജെറ്റ് വിമാനത്തിന് സാധിക്കുമെന്നാണ് റഷ്യ വളരെക്കാലമായി അവകാശപ്പെടുന്നത്. 2025 ഓടെ 'സുഖോയ് സു57ഇ' പ്രവര്‍ത്തനത്തിന് സജ്ജമാകുമെന്ന് സൂചന നല്‍കിയിരുന്നെങ്കിലും ഏത് രാജ്യവുമായാണ് വില്പന കരാറില്‍ എത്തിയതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നില്ല. അള്‍ജീരിയ ആണ് ആ പങ്കാളിയെന്ന നിലയില്‍ പലപ്പോഴും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ഇരു രാജ്യങ്ങളും ഇതുവരെ നടത്തിയിട്ടില്ല.
റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച അഭിലാഷങ്ങളില്‍ ഇന്ത്യ ഒരിക്കല്‍ അടുത്ത സഹകാരിയായിരുന്നു. നിലച്ചുപോയ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയുടെ (എഫ്ജിഎഫ്എ) പ്രാരംഭത്തില്‍ ഇന്ത്യ റഷ്യയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ചെലവ്, പ്രകടനം, ഉല്‍പ്പാദന കാലതാമസം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2018ല്‍ ഇന്ത്യ കരാറില്‍ നിന്നും പിന്‍വലിഞ്ഞു.
ഈ തിരിച്ചടി നേരിട്ടിട്ടും റഷ്യ ഇന്ത്യക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. 2025 ഫെബ്രുവരിയില്‍ 'എയ്‌റോ ഇന്ത്യ ഷോ'യില്‍ ഒരു 'സുവര്‍ണ കരാറി'നുള്ള നിര്‍ദ്ദേശവും റഷ്യ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കുകീഴില്‍ പ്രാദേശിക നിര്‍മ്മാണം നടത്തികൊണ്ട് 'സുഖോയ് സു57ഇ' പെട്ടെന്ന് വിതരണം ചെയ്യാമെന്ന വാഗ്ദാനമാണ് റഷ്യ മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ തദ്ദേശീയ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോഗ്രാമില്‍ സഹകരണവും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യക്കുവേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്യുന്ന 'സു57എംകെഐ' വകഭേദം പോലും റഷ്യ വാഗ്ദാനം ചെയ്തുനോക്കി.
എന്നാല്‍, ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കരാര്‍ സംബന്ധിച്ച് ഒരു നീക്കവും പ്രത്യക്ഷത്തില്‍ ഇന്ത്യ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുമായി കരാറില്‍ എത്താനുള്ള റഷ്യയുടെ അഭിലാഷം തുടരുകയാണ്.
അതേസമയം, പ്രായമാകുന്ന മിഗ്29 യുദ്ധവിമാനങ്ങള്‍ക്ക് മാറ്റുന്നതിന് മലേഷ്യയുടെ 'മള്‍ട്ടിറോള്‍ കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്' (എംആര്‍സിഎ) പ്രോഗ്രാമില്‍ ഇതുവരെ ഒരു അന്തിമതീരുമാനവും ഇന്ത്യ എടുത്തിട്ടില്ല. 2009ലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
പ്രാരംഭ ഘട്ടത്തില്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍, ഡസ്സോള്‍ട്ട് റാഫേല്‍ പോലുള്ള നാലാം തലമുറ ജെറ്റുകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നു. പക്ഷേ ക്രമേണ കൂടുതല്‍ നൂതന പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ തിരിഞ്ഞു. 'സുഖോയ് സു57ഇ'യെ ഒരു കടുത്ത പോരാളിയായി സ്ഥാപിക്കാന്‍ റഷ്യ ശ്രമിച്ചിട്ടും 'ലിമ 2025'ല്‍ വിമാനം പ്രദര്‍ശിപ്പിക്കാതിരുന്നത് മലേഷ്യയുടെ പ്രതിരോധ ആസൂത്രണത്തിലേക്കുള്ള അതിന്റെ സാധ്യതകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയേക്കാം.
'റാഫേല്‍ബീറ്റര്‍' സുഖോയ് സു57ഇ യുമായി ഇന്ത്യയെ ആകര്‍ഷിക്കാന്‍ റഷ്യ; പക്ഷെ കരാര്‍ അനിശ്ചിതത്വത്തില്‍
