ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ക്യാമ്പ് ഓഫീസിലും അദ്ദേഹത്തിന്റെ 'ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' ആയ രജ്ബീർ സിംഗ് ഘുമന്റെ വസതിയിലും ചൊവ്വാഴ്ച സിബിഐ പരിശോധന നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ പഞ്ചാബ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ റെയ്ഡ് നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, ആയുധ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പഞ്ചാബ് ഡിജിപിക്ക് അയച്ച മൂന്ന് കത്തുകളില്‍ ഉന്നയിച്ചിരുന്നത്.
അഭിഭാഷകനായ നിഖില്‍ സറഫിന്റെ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി പഞ്ചാബ് ഡിജിപിക്ക് അയച്ച കത്തുകളില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീര്‍ സിങ് ഘുമാന്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. സ്ഥലംമാറ്റത്തിന് കൈക്കൂലി, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, തുടങ്ങി വിവിധ മേഖലകളിലെ ക്രമക്കേടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒഎസ്ഡിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി അയച്ച കത്തുകളില്‍ പഞ്ചാബ് പൊലീസ് അനുയോജ്യമായ നടപടിയെടുത്തില്ലെന്ന് ഹര്‍ജിക്കാരനായ സറഫ് കോടതിയെ അറിയിച്ചു. എന്നാല്‍, പൊതുതാല്പര്യ ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. പൊലീസ് വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ, സിബിഐ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രോഹിത് കപൂര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. പഞ്ചാബ് സര്‍ക്കാരും പൊലീസും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി. 'ഈ വിഷയത്തില്‍ പഞ്ചാബ് പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തരല്ല. അതിനാല്‍ നിലവിലെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. സിബിഐ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണം,' ബെഞ്ച് പ്രസ്താവിച്ചു.
സർക്കാർ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവരും ഒഎസ്ഡി രാജ്ബീർ ഘുമാനും തമ്മിൽ നിതിൻ ഗോഹാൽ എന്നയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർക്കാർ രഹസ്യരേഖകൾ ലഭ്യമാക്കൽ, ആയുധ ലൈസൻസ് നേടാനുള്ള സഹായം എന്നിവയായിരുന്നു ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
അതേസമയം, സിബിഐ നടപടി പഞ്ചാബിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തുന്ന നീക്കമാണെന്ന് ഭഗവന്ത് മാൻ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. "പഞ്ചാബ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. എന്റെ ക്യാമ്പ് ഓഫീസിൽ സിബിഐ റെയ്ഡ് നടന്നു. പഞ്ചാബ് സർക്കാരിനെയും എന്നെയും അപകീർത്തിപ്പെടുത്താൻ പഞ്ചാബിൽ ഇനിയും ഇഡി-യെയും സിബിഐ-യെയും ദുരുപയോഗം ചെയ്യും. ജനങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും കണ്ട് ബിജെപി പരിഭ്രാന്തരാണ്," അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ളയിടങ്ങളിൽ സിബിഐ റെയ്ഡ്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ
