ഇന്ത്യയും പാക്കിസ്താനും സംയമനം പാലിക്കണമെന്ന് ചൈന; തര്‍ക്കപരിഹാരത്തിന് പങ്കുവഹിക്കാം

ഇന്ത്യയും പാക്കിസ്താനും സംയമനം പാലിക്കണമെന്ന് ചൈന;  തര്‍ക്കപരിഹാരത്തിന് പങ്കുവഹിക്കാം


ന്യൂഡല്‍ഹി: ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആഹ്വാനവുമായി ചൈന. ഇരുരാജ്യങ്ങളും സമാധാനത്തിന്റെയും ഒത്തുതീര്‍പ്പിന്റെയും പാതയിലേക്ക് മടങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യപാക് സംഘര്‍ഷം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആശങ്കയുളവാക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മേഖലയില്‍ പിരിമുറുക്കവും സംഘര്‍ഷവും ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണം. രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക പങ്കുവഹിക്കാന്‍ തയ്യാറാണെന്നും ചൈന വ്യക്തമാക്കുന്നു.

അതേസമയം, ഗുജറാത്തിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുഴുവന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഇത്തരം കേന്ദ്രങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങള്‍ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പഞ്ചാബിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഗുര്‍ദാസ്പൂരില്‍ പാക് സ്‌ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആളപായം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തുടര്‍ന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകള്‍ പോലുള്ള ഇടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു. സായുധ ഡ്രോണുകള്‍ക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. അമൃത്സറില്‍ സായുധ ഡ്രോണ്‍ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി