ന്യൂഡല്‍ഹി: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണവും പിടിച്ചെടുത്തെന്ന് ബിഎല്‍എ അവകാശപ്പെട്ടു.
ബലൂചിസ്ഥാനില്‍ ഉടനീളമുള്ള 39 വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു.
ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേര്‍തിരിച്ചെടുക്കാന്‍ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ചുവെന്നാണ് ബിഎല്‍എ പറയുന്നത്. കൂടാതെ പ്രദേശത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ ഇവര്‍ പിടിച്ചെടുത്തു. ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു.
ഇന്ത്യ- പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്താന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.