ജ്മ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; നാലുപേര്‍ മരിച്ചു

ജ്മ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; നാലുപേര്‍ മരിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തില്‍ നാലു പേര്‍ മരിച്ചു. കനത്ത മഴ ജമ്മുവിലുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയ പ്രദേശത്ത് ഒരു പാലം കൂടി തകര്‍ന്നു. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പൂര്‍ണമായും തകരാറിലായ നിലയിലാണ്.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മോശമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം പ്രദേശത്തെത്തിയിട്ടുണ്ട്. സൈന്യം ഇടപെട്ട് ഗാഡിഗഡ് പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.

നിരവധി നദികള്‍ കരകവിഞ്ഞു. ആളുകളെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകള്‍ ഒഴുകിപ്പോയി. ഇതേ തുടര്‍ന്ന് ഹൈവേ അടക്കമുള്ള പ്രധാന റോഡുകള്‍ അടച്ചിട്ടു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചു.

ജമ്മു ഡിവിഷനിലുടനീളം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചന്ദര്‍കോട്ട്, കേല മോര്‍, റംബാന്‍ ജില്ലയിലെ ബാറ്ററി ചെഷ്മ എന്നിവിടങ്ങളില്‍ മണ്ണും പാറക്കെട്ടുകളും ഇടിഞ്ഞുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച്, മിര്‍പൂര്‍, രജൗരി, കുല്‍ഗാം, റിയാസി, ജമ്മു, സാംബ, കത്വ, കിഷ്ത്വാര്‍, ഉധംപൂര്‍, റംബാന്‍, ദോഡ എന്നിവിടങ്ങളില്‍ കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.