കോഴിക്കോട്: സിപിഎം അധികം കളിക്കേണ്ടെന്നും, കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ' എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും... വരുന്നുണ്ട്, നോക്കിക്കോ... അതിനു വലിയ താമസം വേണ്ട... ഞാന്‍ പറഞ്ഞത് വൈകാറില്ല.' വി ഡി സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനൊക്കെ ഇനിയും ഒത്തിരി കാലമുണ്ട്. അത്രയും കാലമൊന്നും കാത്തിരിക്കേണ്ടതില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇനി ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. മുഖം നോക്കാതെ, ഹൃദയവേദനയോടെയാണ് പാര്‍ട്ടി സഹപ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്. സ്ത്രീപക്ഷ നിലപാടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ചത്. സ്ത്രീകളുടെ ആത്മഭിമാനത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം വന്നിരിക്കുന്നു. ഇതില്‍ സിപിഎമ്മിന് മറുപടിയില്ല. സിപിഎം നേതാക്കന്മാര്‍ക്കും മന്ത്രിക്കും ഉള്‍പ്പെടെ കളങ്കിത വ്യക്തിത്വമായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹവാലയിലൂടെയും റിവേഴ്‌സ് ഹവാലയിലൂടെയും പണം നല്‍കിയെന്നാണ് ആരോപണം. അതു മറച്ചു വെക്കാനും ചര്‍ച്ചയാകാതിരിക്കാനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരു പറഞ്ഞ് സിപിഎം സമരം നടത്തുന്നത്.
ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ അവിടെയിരിപ്പുണ്ട്. ലൈംഗിക അപവാദക്കേസില്‍ പ്രതികളായ എത്രപേര്‍ മന്ത്രിമാരുണ്ട്. അവരെയൊക്കെ ആദ്യം പുറത്താക്ക്. ബലാത്സംഗക്കേസിലെ പ്രതിയായ എംഎല്‍എയോട് രാജിവെക്കാന്‍ പറയട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഇത്തരം ആക്ഷേപത്തിനിരയായവരെ വെച്ചുകൊണ്ട്, സിപിഎം ഇപ്പോള്‍ നടത്തുന്ന സമരം എം.വി ഗോവിന്ദനെയും മന്ത്രി അടക്കമുള്ള നേതാക്കന്മാരെയും ഹവാല ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയിട്ടുള്ളതാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ പ്രകടനത്തെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചിന് ഉപയോഗിച്ച കാളയെ കളയരുത്. അത് പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം കാളയെ ബിജെപിക്ക് ആവശ്യം വരും. അടുത്ത ദിവസം കാളയുമായിട്ട് രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ഒരു പ്രകടനം നടത്തേണ്ട സ്ഥിതി വളരെ പെട്ടെന്ന് തന്നെയുണ്ടാകും. കന്റോണ്‍മെന്റ് ഹൗസിലേക്ക് കാളയുമായി പരകടനം നടത്തിയവരെക്കൊണ്ട്, ആ കാളയുമായി രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തിക്കും. കാത്തിരിക്കാന്‍ വിഡി സതീശന്‍ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമം സിപിഎം നടത്തുന്നതെന്തിനാണ്?. എന്നു മുതലാണ് സിപിഎമ്മിന് ശബരിമലയോട് പ്രേമമുണ്ടായത് ?. സിപിഎം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണ്. പാര്‍ലമെന്റിലെ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കുശേഷം സിപിഎം ശബരിമലയെയും അയ്യപ്പനെയും പിടിച്ചിരിക്കുകയാണ്. സംഘപരിവാറുമായി ഒരുമിച്ചാണല്ലോ ഇപ്പോള്‍ എല്ലാ ഏര്‍പ്പാടുകളും. അവര്‍ ഒരുമിച്ച് നടത്തട്ടെ. വര്‍ഗീയത കളിക്കുന്ന സിപിഎം തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഹംഗാളില്‍ സംഭവിച്ചത് കേരളത്തിലും സിപിഎമ്മിന് സംഭവിക്കും. അയ്യപ്പ സംഗമത്തില്‍ തങ്ങളെയാരെയും വിളിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇടനിലക്കാരെ വെച്ചുകൊണ്ട് ജിഎസ്ടിയില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് ഇതു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീജ ജീവനൊടുക്കിയതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൊതുയോഗം നടത്തി ആ ജനപ്രതിനിധിയെ അധിക്ഷേപിച്ചതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്. കുടുംബത്തിന്റെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
സിപിഎം അധികം കളിക്കേണ്ട; കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരും-മുന്നറിയിപ്പ് നല്‍കി വി.ഡി സതീശന്‍
