അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ; അടിയന്തര ലാന്‍ഡിങ് നടത്തി

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ;  അടിയന്തര ലാന്‍ഡിങ് നടത്തി


ഫിലഡല്‍ഫിയ: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ പടര്‍ന്നത് യാത്രക്കാരില്‍ ഭീതി പരത്തി. ഫിലഡല്‍ഫിയയില്‍ നിന്ന് ഫീനിക്‌സിലേക്കുള്ള  അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 357 വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തിനാണ് തീപിടിച്ചത്. 160 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ 168 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് വാഷിംഗ്ടനിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ലാന്‍ഡ് ചെയ്തതിന് ശേഷം സുരക്ഷാ ജീവനക്കാര്‍ വിമാനത്തിലെത്തി യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അതേസമയം തീപിടിത്തത്തിന് കാരണമായ ഉപകരണം ഏതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. മെട്രോപൊളിറ്റന്‍ വാഷിങ്ടന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.