കൊളംബോ: സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ കൊളംബോ കോടതി മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു. സ്വകാര്യ വിദേശ പര്യടനത്തിനായി 16.6 മില്യണ്‍ രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്.
കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് നിലുപിലി ലങ്കാപുര വിക്രമസിംഗെയ്ക്ക് 5 മില്യണ്‍ രൂപയുടെ മൂന്ന് ആള്‍ ജാമ്യം അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ മജിസ്‌ട്രേറ്റ് അന്വേഷണം ഒക്ടോബര്‍ 29ലേക്ക് മാറ്റി.
നാഷണല്‍ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് സൂം വഴി കോടതി വാദം കേള്‍ക്കുന്നതിനായി വിക്രമസിംഗെ ഹാജരായി. വിക്രമസിംഗെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രത്യേക പരിഗണനകള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റിന്റെ നാല് കൊറോണറി ആര്‍ട്ടറികളില്‍ മൂന്നെണ്ണം അടഞ്ഞിരിക്കുന്നതായി സൂചിപ്പിക്കുന്ന മെഡിക്കല്‍ രേഖകള്‍ പ്രസിഡന്റ് കൗണ്‍സല്‍ അനുജ പ്രേമരത്‌നെ സമര്‍പ്പിച്ചു.
സ്വകാര്യ വിദേശ യാത്രയ്ക്കായി രാജ്യത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിന് മുന്‍ പ്രസിഡന്റിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് (സി ഐ ഡി) വിളിച്ചുവരുത്തിയ ശേഷം വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തെ ആദ്യം ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ചൊവ്വാഴ്ച കൊളംബോയില്‍ വിക്രമസിംഗെയുടെ അറസ്റ്റിനെതിരെ അദ്ദേഹത്തിന്റെ ആയിരത്തിലധികം അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സൂചകമായി മജിസ്‌ട്രേറ്റ് കോടതിയിലേക്കുള്ള പ്രധാന തെരുവുകളില്‍ അനുയായികളും പ്രതിപക്ഷ പ്രവര്‍ത്തകരും തടിച്ചുകൂടി. കറുത്ത വസ്ത്രം ധരിച്ച് കറുത്ത കൊടികള്‍ വീശി ചില പ്രതിഷേധക്കാര്‍ അറസ്റ്റിനെ അപലപിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചു, 'മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ ഉടന്‍ മോചിപ്പിക്കുക' എന്ന് എഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു.
2022 മുതല്‍ 2024 വരെ പ്രസിഡന്റായിരുന്ന വിക്രമസിംഗെയെ 2023-ല്‍ അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം ലണ്ടനില്‍ നടന്ന തന്റെ ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊതു ഫണ്ട് ഉപയോഗിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചത്തെ വാദം കേള്‍ക്കല്‍ വരെ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
വിക്രമസിംഗെയുടെ അറസ്റ്റ് പ്രതിപക്ഷ നിയമസഭാംഗങ്ങളും രാഷ്ട്രീയക്കാരും രാജ്യത്തിന്റെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ വേട്ടയാണെന്ന് പറഞ്ഞ് രംഗത്തിറങ്ങി.
സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഗതാഗത, ഹൈവേ മന്ത്രി ബിമല്‍ രത്‌നായകെ നിരസിച്ചു. വിക്രമസിംഗെയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമല്ലെന്നും രാജ്യത്തിന്റെ നിയമം അനുസരിച്ചാണെന്നും പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ തെറ്റായ നടപടികള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും നിയമം തുല്യമായി നടപ്പിലാക്കുമെന്നും അദ്ദേഹം തിങ്കളാഴ്ച പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ കീഴില്‍ അഴിമതിക്ക് അന്വേഷണം നേരിടുന്ന ഏറ്റവും പ്രമുഖ നേതാവും അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ശ്രീലങ്കന്‍ മുന്‍ രാഷ്ട്രത്തലവനുമാണ് വിക്രമസിംഗെ.