പാരിസ്: ഫ്രാന്‍സില്‍ ജൂതവിരോധം വര്‍ധിച്ചു വരുന്നതിനെതിരെ സര്‍ക്കാര്‍ മതിയായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യു എസ് അംബാസഡര്‍ ചാള്‍സ് കഷ്‌നര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് അയച്ച കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ തര്‍ക്കത്തിന് തിരി കൊളുത്തി. കത്തിലെ ഉള്ളടക്കം 'അസ്വീകാര്യം' എന്നു വിശേഷിപ്പിച്ച ഫ്രാന്‍സ് യു എസ് അംബാസഡറെ വിളിച്ചു വരുത്തുകയായിരുന്നു.
ജൂത വിരോധം തടയുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചു കൊണ്ടുള്ള അംബാസഡറുടെ കത്ത് 'ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലി' ലാണ് പ്രസിദ്ധീകരിച്ചത്. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഫ്രാന്‍സില്‍ ജൂത വിരോധം വര്‍ധിച്ചതായും ജൂതന്മാരെ തെരുവുകളില്‍ ആക്രമിക്കുകയും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും കത്തില്‍ കഷ്‌നര്‍ ചൂണ്ടിക്കാട്ടി.
ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കം ജൂത വിരോധം വളര്‍ത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പൂര്‍ണമായി തള്ളിക്കളഞ്ഞു. ജൂതവിരോധം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സ്വതന്ത്ര രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളുടെ ചട്ടക്കൂട് നിര്‍വചിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് 1961ലെ വിയന്ന നയതന്ത്ര ബന്ധങ്ങള്‍. ഇതു പ്രകാരം മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദനീയമല്ല. യു എസ് ഇവിടെ നയതന്ത്ര ലംഘനം നടത്തിയിരിക്കുകയാണ് എന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനായ ജാറദ് കഷ്‌നറുടെ പിതാവാണ് ചാള്‍സ് കഷ്‌നര്‍.