ന്യൂഡല്‍ഹി: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്ക് ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് അത്താഴവിരുന്നൊരുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. അമിത തീരുവകള്‍ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാകവെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഉച്ചകോടിക്ക് അതീവ പ്രധാന്യമുണ്ട്.
ഇന്ത്യയും ചൈനയും റഷ്യയും അടങ്ങുന്ന പുതിയ ചേരിയുടെ ശക്തിപ്പെടലിനും എസ്സിഒ ഉച്ചകോടി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 31 മുതല്‍ ചൈനീസ് നഗരമായ ടിയാന്‍ജിനിലാണ് എസ്സിഒ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അത്താഴവിരുന്നൊരുക്കിയാണ് ചൈന സ്വാഗതം ചെയ്യുക. ഓഗസ്റ്റ് 31ന് വൈകിട്ടായിരിക്കും അത്താഴവിരുന്ന്. സെപ്റ്റംബര്‍ ഒന്നിനാണ് ഉച്ചകോടിയുടെ പ്രധാന ഭാഗം.
ഇന്ത്യ, ചൈന, റഷ്യ, ബെലാറൂസ്, ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് എസ്സിഒ സഖ്യത്തിലുള്ളത്. ഉച്ചകോടിക്കിടെ ഷി ജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഉള്‍പ്പെടെ സഖ്യരാജ്യ തലവന്‍മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഭീകരതയ്‌ക്കെതിരേ ശക്തമായ നിലപാട് ഉച്ചകോടിയില്‍ സ്വീകരിക്കുമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തന്‍മയ ലാല്‍ പറഞ്ഞു. സാമ്പത്തിക, വ്യാപാര, പരിസ്ഥിതി വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തമാക്കി. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റ ഭാഗമായി ജപ്പാനിലും പ്രധാനമന്ത്രി പര്യടനം നടത്തുന്നുണ്ട്.