ഇന്ത്യന്‍ പ്രതിരോധ സേന രണ്ട് കപ്പലുകള്‍ പുറത്തിറക്കി

ഇന്ത്യന്‍ പ്രതിരോധ സേന രണ്ട് കപ്പലുകള്‍ പുറത്തിറക്കി


വിശാഖപട്ടണം: അഗ്നി 5 മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി പ്രതിരോധ സേന പുറത്തിറക്കി. നാവികസേനയ്ക്കു വേണ്ടി സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് വിഭാഗത്തില്‍പ്പെട്ട ഐഎന്‍എസ് ഉദയ്ഗിരി, ഐഎന്‍എസ് ഹിമഗിരി എന്നിവയാണ് കിഴക്കന്‍ നാവികകമാന്‍ഡില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനയ്ക്കു കൈമാറിയത്. ആദ്യമായാണ് രണ്ടു വ്യത്യസ്ത കപ്പല്‍ശാലകളില്‍ നിര്‍മിച്ച രണ്ടു മുന്‍നിര കപ്പലുകള്‍ ഒരുമിച്ച് ഒരിടത്ത് കമ്മിഷന്‍ ചെയ്യുന്നത്. കിഴക്കന്‍ സമുദ്രതീരത്തിനു വര്‍ധിച്ചു വരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതായി ഈ നടപടി.

പ്രൊജക്റ്റ് 17 എ (ശിവാലിക്) വിഭാഗത്തില്‍പ്പെട്ട ഫ്രിഗേറ്റുകളാണ് ഉദയ്ഗിരിയും ഹിമഗിരിയും. രൂപകല്‍പ്പന, സ്റ്റെല്‍ത്ത് ശേഷി, ആയുധ- സെന്‍സര്‍ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണിവ. നാവികസേനയുടെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത നൂറാമത്തെ കപ്പലാണ് ഉദയഗിരി. മുംബൈ മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡിലാണ് ഉദയ്ഗിരി നിര്‍മിച്ചത്. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സിലാണു ഹിമിഗിരി രൂപംകൊണ്ടത്. 200ലേറെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇരു കപ്പലുകളുടെയും നിര്‍മാണത്തില്‍ പങ്കുവഹിച്ചു.

നേരിട്ട് 4000 പേര്‍ക്കും പരോക്ഷമായി 10000ലേറെ പേര്‍ക്കും ഇതുമൂലം തൊഴില്‍ ലഭിച്ചു. കപ്പല്‍ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും നാവികസേനയുടെ സ്വാശ്രയത്വത്തെ അടിവരയിടുന്നതാണ് ഇരുകപ്പലുകളുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പലിന്റെ രൂപവും മെഷീനും തീയണയ്ക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ഗതിനിര്‍ണയത്തിനും കമ്യൂണിക്കേഷനുമുള്ള സംവിധാനങ്ങളെല്ലാം നിരന്തര പരീക്ഷണത്തിനു വിധേയമായിരുന്നു.