ജനീവ: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക താരിഫ് ആഘാതത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചതോടെ ചുരുങ്ങിയത് 25 രാജ്യങ്ങളെങ്കിലും യു എസിലേക്കുള്ള പാക്കേജ് ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി യു എന്‍ ബോഡി പറഞ്ഞു.
ഓഗസ്റ്റ് 29 മുതല്‍ യു എസിലേക്ക് പ്രവേശിക്കുന്ന ചെറിയ പാക്കേജുകള്‍ക്കുള്ള നികുതി ഇളവ് നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു.
ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങളില്‍ നിന്ന് യു എസിലേക്കുള്ള മിക്ക പാക്കേജുകളും ഇനി സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
25 അംഗ രാജ്യങ്ങള്‍ അവരുടെ തപാല്‍ ഓപ്പറേറ്റര്‍മാര്‍ 'ട്രാന്‍സിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാട്ടി യു എസിലേക്കുള്ള അവരുടെ ഔട്ട്ബൗണ്ട് തപാല്‍ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു' എന്ന് ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ പറഞ്ഞു.
പ്രഖ്യാപിച്ച നടപടികള്‍ എങ്ങനെ നടപ്പിലാക്കാന്‍ യു എസ് അധികാരികള്‍ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഷനുകള്‍ നിലനില്‍ക്കും. എന്നാല്‍ യു പി യു പോസ്റ്റല്‍ സേവനങ്ങള്‍ സസ്‌പെന്റ് ചെയ്ത് പട്ടിക നല്‍കിയിട്ടില്ല. 1874-ല്‍ സ്ഥാപിതമായതും 192 അംഗരാജ്യങ്ങളുള്ളതുമായ ഈ സംഘടന പുതിയ യു എസ് നടപടികള്‍ 'ലോകമെമ്പാടുമുള്ള തപാല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കാര്യമായ പ്രവര്‍ത്തന മാറ്റങ്ങള്‍ വരുത്തുമെന്ന്' മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച മുതല്‍ യു പി യു, യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പാക്കേജുകള്‍ എത്തിക്കുന്ന തപാല്‍ കാരിയറുകള്‍ 'അയയ്ക്കുന്നവരില്‍ നിന്ന് മുന്‍കൂര്‍ കസ്റ്റംസ് തീരുവ പിരിക്കണമെന്ന്' ആവശ്യപ്പെടുമെന്ന് പറഞ്ഞു.
പുതിയ യു എസ് നടപടികള്‍ പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും നികുതി ചുമത്താതെ 100 ഡോളര്‍ വരെ വിലയുള്ള രേഖകളും ഇനങ്ങളും രാജ്യത്തേക്ക് സമ്മാനമായി അയയ്ക്കാന്‍ കഴിയും.
എന്നാല്‍ ആ മൂല്യത്തിന് മുകളിലുള്ള എന്തും അയയ്ക്കുന്ന രാജ്യത്ത് നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്ക് ബാധകമായ അതേ താരിഫ് നിരക്കുകള്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതായത് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് 15 ശതമാനവും ഇന്ത്യയ്ക്ക് 50 ശതമാനവുമാണ് അധിക താരിഫ്.
കൂടാതെ, ഒഴിവാക്കപ്പെട്ട ഇനങ്ങള്‍ പോലും വാണിജ്യ ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ അധിക പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ജര്‍മ്മനിയുടെ തപാല്‍ സേവനമായ ഡി എച്ച് എല്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രവര്‍ത്തന തടസ്സങ്ങളെക്കുറിച്ചുള്ള അംഗരാജ്യങ്ങളുടെ ആശങ്ക അറിയിക്കുന്നതിനായി യു പി യു മേധാവി മസാഹിക്കോ മെറ്റോക്കി തിങ്കളാഴ്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ഒരു കത്ത് അയച്ചിരുന്നു.
പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് അവ നടപ്പാക്കാന്‍ ചെറിയ കാലയളവ് മാത്രം നല്‍കിയത് ചൂണ്ടിക്കാണിക്കുകയും ഇ-കൊമേഴ്സ് ഇനങ്ങളുടെ വിതരണത്തിലുള്ള ആഘാതത്തെക്കുറിച്ച് പ്രത്യേക ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത യൂണിയന്‍ വിവരങ്ങള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് ഫലപ്രദമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട യു എസ് അധികാരികളുമായി പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞു.