ചീഫ് ജസ്റ്റിസിന്റെ 'കോക്രോച്ച്' പരാമർശത്തിൽ നിന്ന് വൈറൽ പ്രസ്ഥാനം വരെ; 'കോക്രോച്ച് ജനത പാർട്ടി' അക്കൗണ്ടും തടഞ്ഞു

ചീഫ് ജസ്റ്റിസിന്റെ 'കോക്രോച്ച്' പരാമർശത്തിൽ നിന്ന് വൈറൽ പ്രസ്ഥാനം വരെ; 'കോക്രോച്ച് ജനത പാർട്ടി' അക്കൗണ്ടും തടഞ്ഞു


ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശത്തിൽ നിന്നാരംഭിച്ച പ്രതിഷേധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. 'കോക്രോച്ച് ജനത പാർട്ടി' എന്ന പേരിൽ രൂപം കൊണ്ട ഓൺലൈൻ കൂട്ടായ്മയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നതിനിടെസംഘടനയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് തടഞ്ഞിരിക്കുകയാണ്. എന്നാൽ പിന്മാറാൻ തയ്യാറാകാത്ത  'കോക്രോച്ച് ജനത പാർട്ടി' സ്ഥാപകൻ പുതിയ കൂട്ടായ്മ ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.

മേയ് 15ന് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. വ്യാജ ഡിഗ്രികളുടെ സഹായത്തോടെ വിവിധ മേഖലകളിലേക്ക് കടന്നുകയറുന്നവരെ വിമർശിക്കുന്നതിനിടെ 'സമൂഹത്തിലെ പരാന്നഭോജികൾ', 'കോക്രോച്ചുകളെപ്പോലുള്ള യുവാക്കൾ' തുടങ്ങിയ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്.

പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾ, മാധ്യമപ്രവർത്തകർ, ആർടിഐ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഇതിനെതിരെ രംഗത്തെത്തി. പിന്നാലെ ചീഫ് ജസ്റ്റിസ് വിശദീകരണം നൽകുകയും രാജ്യത്തെ യുവാക്കളെയല്ല, വ്യാജ ഡിഗ്രിയിലൂടെ തൊഴിൽ മേഖലകളിൽ പ്രവേശിച്ചവരെയാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഇതിനോടകം തന്നെ 'കോക്രോച്ച് ജനത പാർട്ടി' എന്ന പേരിൽ പരിഹാസ രാഷ്ട്രീയ പ്രസ്ഥാനം സമൂഹമാധ്യമങ്ങളിൽ രൂപം കൊണ്ടിരുന്നു. തൊഴിലില്ലായ്മ, പരീക്ഷാ വിവാദങ്ങൾ, അനിശ്ചിത ജോലി സാഹചര്യങ്ങൾ, ഓൺലൈൻ ആക്രമണങ്ങൾ, സ്ഥാപനങ്ങളോട് വർധിക്കുന്ന അകൽച്ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം മുന്നോട്ട് പോയത്. 'പ്രയാസകരമായ സംവിധാനങ്ങളിൽ ജീവിച്ചു നിലനിൽക്കുന്നതാണ് കോക്രോച്ച് ആകുന്നതെങ്കിൽ അതും ഒരു പ്രതിഷേധരൂപമാണ്' എന്ന സന്ദേശമാണ് ഇവർ ഉയർത്തിയത്.

'സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് ആൻഡ് ലേസി' എന്നാണ് സംഘടന സ്വയം വിശേഷിപ്പിച്ചത്. ഇതിനകം 80,000ലേറെ പേർ ഓൺലൈനായി പിന്തുണ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ അഭിജീത് ദിപ്‌കെയാണ്. പൂനെയിൽ മാധ്യമപഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ച അദ്ദേഹം 2020 മുതൽ 2022 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ സംഘത്തിലും പ്രവർത്തിച്ചിരുന്നു.

മേയ് 16ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ 'എല്ലാ കോക്രോച്ചുകളെയും സ്വാഗതം ചെയ്യുന്നു' എന്ന കുറിപ്പോടെ ഗൂഗിൾ ഫോം പങ്കുവെച്ചതോടെയാണ് പ്രചാരണം വൈറലായത്.

ഇതിനിടെ 'കോക്രോച്ച് ജനത പാർട്ടി'യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പിന്നീട് തടയപ്പെട്ടു. അക്കൗണ്ട് ഇന്ത്യയിൽ നിന്ന് ഇനി കാണാനാകാത്ത നിലയിലാണ്. അക്കൗണ്ട് തടഞ്ഞതിന്റെ കാരണം എക്‌സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പിന്നാലെ അഭിജീത് ദിപ്‌കെ പുതിയ അക്കൗണ്ട് ആരംഭിച്ചതായും അനുയായികളോട് പുതിയ ഹാൻഡിൽ പിന്തുടരാൻ അഭ്യർഥിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക മാധ്യമ നിയന്ത്രണം, യുവജന പ്രതിഷേധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള പുതിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.