വാഷിംഗ്ടൺ: പോളണ്ടിലേക്ക് 5,000 അധിക അമേരിക്കൻ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ പിൻവലിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്ന സൈനിക വിന്യാസ പദ്ധതിയാണ് ഇപ്പോൾ വീണ്ടും സജീവമാക്കിയിരിക്കുന്നത്.
പോളണ്ട് പ്രസിഡന്റ് കരോൾ നവ്രോക്കിയുമായുള്ള അടുത്ത ബന്ധമാണ് തീരുമാനത്തിന് പിന്നിലെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നവ്രോക്കിയെ താൻ തുറന്നുപിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
പോളണ്ടിലേക്ക് 4,000 അമേരിക്കൻ സൈനികരെ അയക്കാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്ന സൂചന കഴിഞ്ഞ ആഴ്ച അമേരിക്കൻ ഉദ്യോഗസ്ഥർ നൽകിയിരുന്നു. വിദേശ സൈനിക സാന്നിധ്യം കുറയ്ക്കുകയും പ്രതിരോധ ചെലവിൽ കൂടുതൽ പങ്ക് വഹിക്കാൻ നേറ്റോ സഖ്യകക്ഷികളോട് സമ്മർദം ചെലുത്തുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് അത് വിലയിരുത്തപ്പെട്ടത്.
സൈനിക വിന്യാസം റദ്ദാക്കിയതല്ല, താൽക്കാലികമായി വൈകിപ്പിച്ചതാണെന്നായിരുന്നു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പിന്നീട് വിശദീകരിച്ചത് . യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം സുരക്ഷയുടെ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വാൻസ് ആവർത്തിച്ചു.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റ് സൈനിക നീക്കങ്ങൾക്ക് ആവശ്യമായ പിന്തുണ ചില യൂറോപ്യൻ രാജ്യങ്ങൾ നൽകിയില്ലെന്ന വിമർശനവും ട്രംപ് ഉയർത്തിയിട്ടുണ്ട്.
ഇതിനിടെ ജർമ്മനിയിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്ന് പെന്റഗൺ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയെ 'അപമാനിക്കുകയാണ്' എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു തീരുമാനം.
പുതിയ സൈനിക പ്രഖ്യാപനം അമേരിക്കയും ചില നേറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമായിരിക്കുകയാണെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പോളണ്ടിലേക്ക് 5,000 അധിക സൈനികരെ അയക്കും; നേറ്റോയുമായി സംഘർഷം ശക്തമാകുന്നതിനിടെ ട്രംപിന്റെ പ്രഖ്യാപനം
