വാഷിംഗ്ടൺ: ഇന്ത്യയുമായി ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ അമേരിക്ക താത്പര്യമുള്ളതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വാങ്ങാനാകുന്നത്ര എണ്ണ വിൽക്കാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റൂബിയോയുടെ പ്രതികരണം. ഇന്ത്യയുമായി എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ ഊർജ കയറ്റുമതിയിലെ വലിയ പങ്കാളിയായി ഇന്ത്യ മാറണമെന്നാണ് വാഷിംഗ്ടണിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ റിഫൈനറികളിലേക്ക് വെനസ്വേലൻ ക്രൂഡ് ഓയിൽ എത്തുന്നത് വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പരാമർശം. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിച്ച് എണ്ണ വിൽപ്പന സംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
'ഇന്ത്യ മികച്ച സഖ്യകക്ഷിയും മികച്ച പങ്കാളിയുമാണ്. നിരവധി മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുണ്ട്,' എന്നും റൂബിയോ പറഞ്ഞു. ഇന്ത്യ സന്ദർശനത്തിനിടെ ക്വാഡ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മേയ് 23 മുതൽ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദർശനം. കൊൽക്കത്ത, ആഗ്ര, ജയ്പുർ, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ഊർജസുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
ഇന്ത്യ തന്റെ ഊർജ ആവശ്യങ്ങളുടെ വലിയൊരു പങ്ക് ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഡീസൽ, പെട്രോൾ, എൽഎൻജി വിലകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യ ഇന്ധനവില നാല് ദിവസത്തിനിടെ രണ്ടുതവണ വർധിപ്പിച്ചിരുന്നു.
ഇറാനെ കുറിച്ചും റൂബിയോ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിയന്ത്രണമോ സ്ഥിര നികുതിയോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങൾ ആഗോള വ്യാപാരത്തിനും സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യ മികച്ച പങ്കാളി'; കൂടുതൽ എണ്ണ വിൽക്കാൻ തയാറെന്ന് മാർക്കോ റൂബിയോ
